വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് ശേഷം അമേരിക്കൻ സൈന്യം തിരഞ്ഞുകൊണ്ടിരുന്ന അൽ-ഖായിദ തലവൻ ഒസാമ ബിൻ ലാദൻ അഫ്ഗാനിസ്ഥാനിലെ തോറ ബോറ മലനിരകളിൽ നിന്ന് രക്ഷപ്പെട്ടത് സ്ത്രീവേഷത്തിൽ. സിഐഎയുടെ മുൻ ഉദ്യോഗസ്ഥനായ ജോൺ കിരിയാക്കോയാണ് ഈ നിർണായക വെളിപ്പെടുത്തൽ നടത്തിയത്. സിഐഎയുടെ ഭീകരവാദ പ്രതിരോധ വിഭാഗത്തിൽ പാകിസ്ഥാനിലെ തലവനായിരുന്ന ജോൺ, 15 വർഷത്തോളം ഏജൻസിയുടെ ഭാഗമായിരുന്നു. യുഎസ്സിലെ ഭീകരാക്രമണം നടന്ന് ഒരു മാസത്തിനു ശേഷമാണ് അഫ്ഗാനിസ്ഥാനിൽ അമേരിക്ക സൈനിക നടപടി ആരംഭിച്ചതെന്നും, ആ സമയത്ത് യുഎസ് സൈന്യം അഫ്ഗാനിലെ സാഹചര്യങ്ങൾ പഠിക്കുകയായിരുന്നെന്നും അദ്ദേഹം എഎൻഐ വാർത്താ ഏജൻസിയോട് പറഞ്ഞു. തുടർന്ന് അഫ്ഗാന്റെ തെക്കും കിഴക്കുമുള്ള അൽ-ഖായിദ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടന്നു.
2001 ഒക്ടോബറിൽ തോറ ബോറ മലനിരകളിൽ ലാദൻ ഒളിവിൽ ഉണ്ടായിരുന്നുവെന്ന് യുഎസ് സൈന്യം വിലയിരുത്തി. അന്നത്തെ സൈനിക കമാൻഡറുടെ ദ്വിഭാഷിയുടെ ഇടപെടലാണ് ലാദൻ രക്ഷപ്പെടുന്നതിന് വഴിയൊരുക്കിയതെന്നും ജോൺ കിരിയാക്കോ വെളിപ്പെടുത്തുന്നു. “സൈന്യത്തിന്റെ കമാൻഡറുടെ ദ്വിഭാഷി, യഥാർത്ഥത്തിൽ യുഎസ് സൈന്യത്തിൽ നുഴഞ്ഞുകയറിയ ഒരു അൽ ഖായിദ പ്രവർത്തകനായിരുന്നുവെന്ന് ഞങ്ങൾ അറിഞ്ഞിരുന്നില്ല. ബിൻ ലാദനെ വളഞ്ഞതായി ഞങ്ങൾക്ക് ഉറപ്പായിരുന്നു. മലയിറങ്ങി വരാൻ ആവശ്യപ്പെട്ടപ്പോൾ, പ്രഭാതം വരെ സമയം തരുമോ, സ്ത്രീകളെയും കുട്ടികളെയും ഒഴിപ്പിച്ച ശേഷം താഴെവന്ന് കീഴടങ്ങാം എന്നായിരുന്നു മറുപടി. ഈ ആവശ്യം അംഗീകരിക്കാൻ ദ്വിഭാഷി സൈനിക കമാൻഡറെ പ്രേരിപ്പിച്ചു. എന്നാൽ, ബിൻ ലാദൻ ഒരു സ്ത്രീയുടെ വേഷം ധരിച്ച്, ഇരുട്ടിന്റെ മറവിൽ ഒരു പിക്കപ്പ് ട്രക്കിൽ രക്ഷപ്പെടുകയായിരുന്നു,” അദ്ദേഹം വിശദീകരിച്ചു.
ഈ സംഭവത്തിനുശേഷം വർഷങ്ങളോളം ബിൻ ലാദനെക്കുറിച്ച് യാതൊരു വിവരവും ലഭ്യമല്ലായിരുന്നു. ഒടുവിൽ, 2011-ൽ പാകിസ്ഥാനിലെ അബോട്ടാബാദിൽ ലാദൻ ഒളിവിൽ കഴിഞ്ഞിരുന്ന സങ്കേതം യുഎസ് സേന കണ്ടെത്തി. ഇവിടെ നടത്തിയ നിരന്തര നിരീക്ഷണങ്ങൾക്കൊടുവിൽ അത് ലാദനാണെന്ന് ഉറപ്പിച്ചു. തുടർന്ന് അമേരിക്കൻ കമാൻഡോകൾ നടത്തിയ രഹസ്യ ഓപ്പറേഷനിലൂടെ ഒസാമ ബിൻ ലാദനെ വധിക്കുകയും ചെയ്തു.
















