ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ ഇന്ത്യക്ക് ഒമ്പത് വിക്കറ്റിന്റെ ആശ്വാസകരമായ ജയം. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് പരമ്പര തൂത്തുവാരുക എന്ന ഓസീസിന്റെ മോഹമാണ് ഇന്ത്യ തകർത്തത്. ഓസ്‌ട്രേലിയ ഉയർത്തിയ 237 റൺസ് വിജയലക്ഷ്യം 38.1 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ അനായാസം മറികടന്നു. ഓപ്പണർ രോഹിത് ശർമ്മയുടെ തകർപ്പൻ സെഞ്ച്വറിയും (121), വിരാട് കോലിയുടെ അർദ്ധ സെഞ്ച്വറിയും (74) ആണ് ഇന്ത്യക്ക് വിജയമൊരുക്കിയത്. നായകൻ ശുഭ്മാൻ ഗിൽ 24 റൺസെടുത്ത് പുറത്തായി.
ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 46.4 ഓവറിൽ 236 റൺസിന് ഓൾഔട്ടായി. മാറ്റ് റെൻഷാ (56), ക്യാപ്റ്റൻ മിച്ചൽ മാർഷ് (41) എന്നിവരാണ് ഓസീസിനായി തിളങ്ങിയത്. ഓപ്പണർമാരായ ട്രാവിസ് ഹെഡ് (29), മിച്ചൽ മാർഷ് എന്നിവർ ചേർന്ന് മികച്ച തുടക്കമായ 61 റൺസ് നൽകിയത്. എന്നാൽ, മധ്യനിര തകർന്നടിഞ്ഞത് ഓസീസിന് തിരിച്ചടിയായി. ഇന്ത്യക്കായി ഹർഷിത് റാണ നാല് വിക്കറ്റും വാഷിങ്ടൺ സുന്ദർ രണ്ട് വിക്കറ്റും വീഴ്ത്തി. കുൽദീപ് യാദവ്, അക്സർ പട്ടേൽ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ് എന്നിവർ ഓരോ വിക്കറ്റ് നേടി.
വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് ശുഭ്മാൻ ഗില്ലിനെ (24) തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും രോഹിത് ശർമ്മയും വിരാട് കോലിയും ചേർന്ന് പിന്നീട് ആധിപത്യം ഉറപ്പിച്ചു. ഓസീസിന് വിക്കറ്റുകൾ വീഴ്ത്താൻ അവസരം നൽകാതെ ഇരുവരും ചേർന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ഫോം കണ്ടെത്താൻ കഴിഞ്ഞത് വിരാട് കോലിക്ക് (74) ആശ്വാസമായി.
ആദ്യ രണ്ട് മത്സരങ്ങളിലും കോലി പൂജ്യത്തിന് പുറത്തായിരുന്നു. ഈ വിജയത്തോടെ പരമ്പര 2-1 എന്ന നിലയിൽ ഓസ്‌ട്രേലിയ നേടി. ഇന്ത്യ ടീമിൽ രണ്ട് മാറ്റങ്ങളോടെയാണ് ഇറങ്ങിയത് – കുൽദീപ് യാദവിനെയും പ്രസിദ്ധ് കൃഷ്ണയെയും ഉൾപ്പെടുത്തി, നിതീഷ് റെഡ്ഢിയെയും അർഷ്ദീപ് സിങ്ങിനെയും ഒഴിവാക്കി.
















