ഇടുക്കിയിൽ പിതൃസഹോദരന്റെ മുഖത്തു ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി. കമ്പംമെട്ട് നിരപ്പേക്കട ഏറ്റപ്പുറത്ത് സുകുമാരൻ (64) ആണ് ആസിഡ് വീണ് മരിച്ചത്. പിതൃസഹോദരി തങ്കമ്മ (84 )ആണ് പ്രതി .ആക്രമണത്തിനിടെ ആസിഡ് വീണ് പരിക്കേറ്റ തങ്കമ്മ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആണ്. ഇന്നലെ വൈകിട്ട് നാലരയോടെ ആയിരുന്നു സംഭവം.
രണ്ടാഴ്ച മുമ്പാണ് കോട്ടയം കട്ടച്ചിറ സ്വദേശിയായ തങ്കമ്മ സുകുമാരന്റെ വീട്ടിൽ എത്തിയത്. സ്വർണാഭരണം പണയം വെച്ചതിനെ ചൊല്ലിയായിരുന്നു വഴക്ക് ആരംഭിച്ചത്. വഴക്ക് മൂർച്ഛിച്ചപ്പോൾ കൈയിൽ കരുതിയ ആസിഡ് തങ്കമ്മ സുകുമാരന്റെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. അങ്ങോട്ടും ഇങ്ങോട്ടും ഉള്ള ബലം പിടിത്തത്തിലാണ് തങ്കമ്മയുടെ ദേഹത്തും ആസിഡ് വീണത്.
ഇരുവരുടെയും നിലവിളി കേട്ടാണ് അയൽവാസികൾ ഓടി എത്തിയത്. ഉടനെ തന്നെ ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഗുരുതരമായി പരിക്കേറ്റ സുകുമാരനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും വഴിമധ്യേ മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്.
















