തിരുവനന്തപുരം: പിഎം ശ്രീയില്‍ ഒപ്പിട്ടതുമായി ബന്ധപ്പെട്ട നടപടിയിൽ പ്രതിഷേധിച്ച് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചുമായി സിപിഐ യുവജന സംഘടന. എഐവൈഎഫ്-എഐഎസ്എഫ് പ്രവര്‍ത്തകര്‍ ആണ് പ്രതിഷേധ പ്രകടനം നടത്തിയത്. ബാരിക്കേട് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗം നടത്തി.
ഏകപക്ഷീയ തീരുമാനവുമായി വിദ്യാഭ്യാസ മന്ത്രി മുന്നോട്ട് പോയാല്‍ കേരളത്തിന്റെ തെരുവില്‍ മന്ത്രിയെ നേരിടുമെന്ന് എഐവൈഎഫ് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.’കൊടിയുടെ നിറം നോക്കി സമരം ചെയ്യുന്നവരല്ല ഞങ്ങള്‍. ഒരു പ്രതിഷേധം സംഘടിപ്പിച്ചപ്പോള്‍ ചരിത്രത്തിലില്ലാത്ത നിലയില്‍ പോലീസ് ജലപീരങ്കി പതിച്ചു. ആര്‍എസ്എസുകാരാണ് ഇത് നിയന്ത്രിക്കുന്നത്. കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി സമരം ചെയ്യും. അടിച്ചമര്‍ത്താന്‍ നോക്കേണ്ട. പിഎം ശ്രീ എന്ന പദ്ധതി കേരളത്തിന്റെ മണ്ണില്‍ അനുവദിക്കില്ല. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും സിപിഐക്കും അതിന്റെ യുവജന സംഘടനകള്‍ക്കും ഒരേ നിലപാടാണ്.
പിഎം ശ്രീ പദ്ധതി നടപ്പാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ഉറപ്പ് നല്‍കിയതാണ്. യോഗത്തില്‍ എബിവിപി ഒഴിച്ച് എല്ലാ വിദ്യാര്‍ഥി സംഘടനകളും പിഎം ശ്രീ പറ്റില്ലെന്ന് നിലപാടെടുത്തു. ഞാനീ കസേരയില്‍ ഇരിക്കുന്ന കാലത്തോളം ഇത് നടപ്പാക്കാന്‍ പറ്റില്ലെന്നാണ് അന്ന് മന്ത്രി പറഞ്ഞത്. ഇന്നലെ അദ്ദേഹം നിലപാട് മാറ്റാന്‍ പറ്റാത്തതാണോ എന്ന് പത്രസമ്മേളനത്തില്‍ ചോദിക്കുകയുണ്ടായി.പിഎം ശ്രീയില്‍നിന്ന് പുറകോട്ട് പോയില്ലെങ്കില്‍ രക്ത രൂക്ഷിതമായ സമരങ്ങള്‍ക്ക് കേരളത്തിലെ തെരുവിലേക്ക് ഞങ്ങളിറങ്ങി തിരിക്കും’ സിപിഐയുടെ യുവജന സംഘടനാ നേതാക്കള്‍ പറഞ്ഞു.
പിഎം ശ്രീയില്‍ ഒപ്പിട്ടതുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയിലുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി സിപിഎം സിപിഐ നേതാക്കളെ അനുയയിപ്പിക്കുന്നതിനിടെയാണ് സമരങ്ങളും പ്രതിഷേധവും. സര്‍ക്കാര്‍ നീക്കത്തിനെതിരെ കഴിഞ്ഞ ദിവസം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആഞ്ഞടിച്ചിരുന്നു. ഇതെന്ത് സര്‍ക്കാരാണ് എന്നടക്കമുള്ള രൂക്ഷ പ്രതികരണമാണ് നടത്തിയിരുന്നത്. ഇതിന് പിന്നാലെ ഇന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ബിനോയ് വിശ്വത്തെ സന്ദര്‍ശിക്കുകയുണ്ടായി. എം എന്‍ സ്മാരകത്തില്‍ ബിനോയ് വിശ്വവുമായും മന്ത്രി ജി.അനിലുമായും കൂടിക്കാഴ്ച നടത്തിയ ശേഷം ഈ നേതാക്കള്‍ക്കൊപ്പമുള്ള ചിരിക്കുന്ന ചിത്രം വി.ശിവന്‍കുട്ടി പങ്കുവെക്കുകയും ചെയ്തിരുന്നു.
എഐവൈഎഫ്-എഐഎസ്എഫ് പ്രതിഷേധങ്ങള്‍ക്കിടെ കെഎസ്‌യുവും മാര്‍ച്ച് നടത്തി. സെക്രട്ടറിയേറ്റിലേക്കായിരുന്നു കെഎസ്‌യു മാര്‍ച്ച്.
















