എലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് വാഹന വ്യവസായമായ ടെസ്‌ല അടുത്ത 10 വർഷത്തിനുള്ളിൽ കടുത്ത വെല്ലുവിളി നേരിടേണ്ടിവരുമെന്ന് മുൻ സ്റ്റെല്ലാന്റിസ് സിഇഒ കാർലോസ് തവാരസ് പറഞ്ഞു. ഫ്രഞ്ച് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ആണ് തവാരസിന്റെ പ്രതികരണം.
ആഗോള ഇവി വില്‍പ്പനയില്‍ ഈ വര്‍ഷം ആദ്യം ടെസ്ലയെ മറികടന്ന ചൈനയുടെ ബിവൈഡിയില്‍ നിന്ന് കടുത്ത സമ്മര്‍ദ്ദം കമ്പനി നേരിടുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കമ്പനിയുടെ കാര്യക്ഷമതയും ചെലവ് കുറഞ്ഞ വാഹനങ്ങളുമാണ് ബിവൈഡിയുടെ വിജയത്തിന് കാരണം.
ഹ്യൂമനോയിഡ് റോബോട്ടുകള്‍, സ്‌പേസ് എക്‌സ്, നിര്‍മിതബുദ്ധി (എഐ) എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി മസ്‌ക് വാഹന വ്യവസായം ഉപേക്ഷിക്കാനാണ് സാധ്യത. സ്‌പേസ് എക്‌സ്, എഐ സംരംഭങ്ങള്‍ തുടങ്ങി നിരവധി കമ്പനികളിലായി മസ്‌കിന്റെ ശ്രദ്ധ വിഭജിക്കപ്പെട്ടിരിക്കുകയാണ്.
അടുത്ത 10 വര്‍ഷത്തിനപ്പുറം ടെസ്ല നിലനില്‍ക്കുമോ എന്നകാര്യം ഉറപ്പില്ല. അതൊരു നൂതന ഗ്രൂപ്പാണെങ്കിലും ബിവൈഡിയുടെ കാര്യക്ഷമതയ്ക്ക് മുന്നില്‍ പരാജയപ്പെടേണ്ടിവരും. ടെസ്ലയുടെ ഓഹരി വിപണി മൂല്യം അവിശ്വസനീയമാംവിധം ഉയര്‍ന്നതാണ് എന്നതിനാല്‍ കമ്പനിക്ക് വീഴ്ചയില്‍നിന്നുണ്ടാകുന്ന ആഘാതം വളരെ വലുതായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍, ടെസ്ല അടുത്തിടെ നടത്തിയ പ്രഖ്യാപനം അനുസരിച്ച് കമ്പനിയുടെ മൂന്നാം പാദത്തിലെ വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 12 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അമേരിക്കയ്ക്ക് ശേഷം ടെസ്ലയുടെ രണ്ടാമത്തെ വലിയ വിപണിയായ ചൈനയില്‍ നിന്നുള്ള ഡെലിവറികളിലെ 33 ശതമാനം വര്‍ധനയാണ് ഈ വളര്‍ച്ചയ്ക്ക് കാരണം.
എന്നിരുനനാലും ബിവൈഡി, നിയോ, എക്‌സ്‌പെങ് തുടങ്ങിയ പ്രാദേശിക വാഹന നിര്‍മ്മാതാക്കളില്‍ നിന്നുള്ള മത്സരം ശക്തമായതോടെ ചൈനയിലെ ടെസ്ലയുടെ വിപണി വിഹിതം 2020-ലെ 16 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുത്തനെ ഇടിഞ്ഞിട്ടുണ്ട്. വിലകുറഞ്ഞ മോഡലുകളും നൂതന സാങ്കേതികവിദ്യയും ഉപയോഗിച്ച് പ്രാദേശിക ബ്രാന്‍ഡുകള്‍ അതിവേഗം വികസിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന വിപണിയില്‍ ആധിപത്യം നിലനിര്‍ത്താന്‍ ടെസ്ല പാടുപെടുന്നുവെന്നാണ് ഈ ഇടിവ് കാണിക്കുന്നതെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഇറ്റലിയുടെ ഫിയറ്റും യുഎസ് ആസ്ഥാനമായ ക്രൈസ്‌ലറും ലയിച്ച് രൂപംകൊണ്ട ഫിയറ്റ് ക്രൈസ്‌ലര്‍ ഓട്ടോമൊബൈല്‍സും (FCA), ഫ്രഞ്ച് പിഎസ്എ ഗ്രൂപ്പും ലയിച്ച് രൂപവത്കരിക്കപ്പെട്ട ബഹുരാഷ്ട്ര വാഹന നിര്‍മ്മാണ കോര്‍പ്പറേഷനാണ് സ്റ്റെല്ലാന്റിസ്.
2025-ലെ കണക്കനുസരിച്ച് ആഗോള വില്‍പ്പനയുടെ അടിസ്ഥാനത്തില്‍ ടൊയോട്ട, ഫോക്‌സ്വാഗണ്‍, ഹ്യുണ്ടായ്, റെനോ-നിസ്സാന്‍-മിത്സുബിഷി കൂട്ടുകെട്ട് എന്നിവയ്ക്ക് പിന്നില്‍ ലോകത്തിലെ അഞ്ചാമത്തെ വലിയ വാഹന നിര്‍മ്മാതാവായി സ്റ്റെല്ലാന്റിസ് മാറി. അബാര്‍ത്ത്, ആല്‍ഫ റോമിയോ, ക്രൈസ്‌ലര്‍, സിട്രോണ്‍, ഡോഡ്ജ്, ഡിഎസ് ഓട്ടോമൊബൈല്‍സ്, ഫിയറ്റ്, ജീപ്പ്, ലാന്‍സിയ, മസെരാറ്റി, ഓപ്പല്‍, പ്യൂഷോ, റാം ട്രക്ക്‌സ്, വോക്‌സ്ഹാള്‍ എന്നിങ്ങനെ 14 ബ്രാന്‍ഡുകള്‍ക്ക് കീഴില്‍ കമ്പനി വാഹനങ്ങള്‍ രൂപകല്‍പ്പന ചെയ്യുകയും നിര്‍മ്മിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്നുണ്ട്.
















