അടിമാലിയില്‍ വീണ്ടും മണ്ണിടിഞ്ഞു. ആളുകളെ ഒഴിപ്പിച്ച ഭാഗത്താണ് മണ്ണിടിച്ചില്‍. വീടുകള്‍ക്ക് മുകളില്‍ മണ്ണ് പതിച്ചു. വീടിനുള്ളില്‍ ഒരു കുടുംബം കുടുങ്ങിക്കിടക്കുന്നു. ലക്ഷംവീട് നിവാസികളായ ബിജുവും ഭാര്യ സന്ധ്യ ബിജുവുമാണ് കുടുങ്ങിക്കിടക്കുന്നത്. ബിജുവിനോടും സന്ധ്യയോടും രക്ഷാപ്രവര്‍ത്തകര്‍ സംസാരിച്ചു. ഇരുവരുടെയും കാലുകള്‍ കുടുങ്ങിക്കിടക്കുന്നതാണ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാവുകയാണ്. കൊച്ചി – ധനുഷ്‌കോടി ദേശിയപാതയില്‍ അടിമാലി ലക്ഷംവീട് കോളനിക്ക് സമീപം ഗര്‍ത്തം രൂപപ്പെടുകയായിരുന്നു. ചെങ്കുത്തായി നിന്നൊരു കൂന താഴേക്ക് പതിക്കുകയായിരുന്നു. സ്ഥലത്ത് വൈദ്യുതി അടക്കം വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. പൊലീസും ഫയര്‍ ഫോഴ്‌സും സംഭവസ്ഥലത്തെത്തി.
പഞ്ചായത്ത് രാവിലെ മുതല്‍ കുടുംബങ്ങളെ മാറ്റി താമസിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നുവെന്ന് അടിമാലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം പറഞ്ഞു. 25 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. എല്ലാ വീടുകളില്‍ നിന്നും ആളുകളെ മാറ്റിയിരുന്നു. കുടുങ്ങിക്കിടക്കുന്നവര്‍ വൈകിട്ട് തിരിച്ചു വന്നതാകാം എന്നാണ് കരുതുന്നത്. വീട്ടില്‍ രണ്ട് പേര്‍ ഉണ്ടെന്നാണ് മനസിലാകുന്നത്. തൊട്ടടുത്ത വീട് പൂര്‍ണമായും മണ്ണിനടിയിലാണ്. 50 ഓളം വീടുകളുള്ള പ്രദേശമാണ്. വീടിനുള്ളില്‍ ആളുകളുണ്ട്. ഞങ്ങളെല്ലാം സംഭവസ്ഥലത്തുണ്ട്. അങ്ങോട്ട് അടുക്കാന്‍ പറ്റുന്നില്ല. ഇപ്പോഴും മണ്ണിടിഞ്ഞുകൊണ്ടിരിക്കുകയാണ്. കുടുങ്ങിക്കിടക്കുന്നവരുടെ കരച്ചില്‍ കേള്‍ക്കാം. രക്ഷാപ്രവര്‍ത്തനം തുടരുകയാണ് – അദ്ദേഹം പറഞ്ഞു
പ്രദേശത്ത് മണ്ണിടിയാന്‍ സാധ്യതയുണ്ടെന്ന് വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ മിനിഞ്ഞാന്ന് തന്നെ ആളുകളോട് ഒഴിയാന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് ജില്ലാ കളക്ടറും പറഞ്ഞു. ഇന്നലെയും മാറാന്‍ തയാറാകാത്തതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് കൊടുത്ത് ആളുകളെ മാറ്റിയത്. 25ഓളം കുടുംബങ്ങളെ മാറ്റിയത് കൊണ്ട് കൂടുതല്‍ അപകടമൊന്നും ഉണ്ടായില്ല. രണ്ട് പേര്‍ കുടുങ്ങിക്കിടക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്‌സ് പൊലീസ് എല്ലാം സ്ഥലത്ത് എത്തിയിട്ടുണ്ട്. എന്‍ഡിആര്‍എഫിനോടും സ്ഥലത്തെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട് – അദ്ദേഹം പറഞ്ഞു. രണ്ട് ദിവസം മുന്‍പ് ഇതേ ഭാഗത്ത് മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. ഇന്നലെ രൂക്ഷമായ രീതിയില്‍ മണ്ണിടിച്ചില്‍ ഉണ്ടാവുകയും ആ ഭാഗത്ത് ഒരു ഗര്‍ത്തം രൂപപ്പെടുകയും ചെയ്തു. കൂടുതല്‍ മണ്ണിടിയാനുള്ള സാധ്യത പരിഗണിച്ചാണ് 22 കുടുംബങ്ങളെ സ്‌കൂളിലേക്ക് മാറ്റിയത്.
STORY HIGHLIGHT : Landslide in Adimalai again
















