അടിമാലി മണ്ണിടിച്ചിലിൽ വീടിനുള്ളില്‍ കുടുങ്ങിയ ബിജുവിന് ദാരുണാന്ത്യം. ഏഴു മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ബിജുവിനെ പുറത്തെത്തിക്കാൻ സാധിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബിജുവിൻ്റെ ഭാര്യ സന്ധ്യയെ നേരത്തേ രക്ഷപ്പെടുത്തിയിരുന്നു. സന്ധ്യയുടെ കാലിന് സാരമായ പരിക്കേറ്റിട്ടുണ്ട്. അഞ്ച് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് സന്ധ്യയെ പുറത്തെത്തിച്ചത്. സന്ധ്യയെ ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയിരുന്നു. തുടർന്ന് ആലുവ രാജഗിരി ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോയി.
ശനിയാഴ്ച രാത്രി 10.30-ഓടെയാണ് അപകടമുണ്ടായത്. ദേശീയപാതയുടെ സമീപത്തുണ്ടായിരുന്നു മണ്ണിടിച്ചിലിലാണ് ദമ്പതിമാരായ ബിജുവും സന്ധ്യയും കുടുങ്ങിയത്. ഫയർഫോഴ്സും എൻഡിആർഎഫും നാട്ടുകാരം ചേർന്ന് നടത്തിയ സാഹസികമായ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ഇരുവരെയും പുറത്തെത്തിച്ചത്.
അപകടത്തിൽപ്പെട്ടവർ കോൺക്രീറ്റ് ബീമുകൾക്കിടയിൽ കുടുങ്ങിപ്പോയതാണ് രക്ഷാപ്രവർത്തനം വൈകാൻ ഒരു പ്രധാന കാരണമായത്. റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി വീടിരുന്നതിന് സമീപത്തെ വലിയ കുന്ന് ഇടിച്ചുനിരത്തുകയും അതിന്റെ ഒരു ഭാഗം അരിഞ്ഞെടുക്കുകയും ചെയ്തതാണ് ദുരന്തത്തിന് കാരണമായതെന്ന് നാട്ടുകാർ പറയുന്നു. അപകടത്തിന് തൊട്ടുമുമ്പ് 22 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചത് വലിയൊരു ദുരന്തം ഒഴിവാകാൻ കാരണമായി.
ദുരന്തത്തിൽ വീടുകൾ പൂർണ്ണമായി തകർന്ന നിലയിലായിരുന്നു. കെട്ടിടത്തിനുള്ളിൽ പൂർണമായും മണ്ണ് നിറഞ്ഞ് കിടക്കുകയായിരുന്നു. വീടിന്റെ ചുമരുകളെല്ലാം തകർന്ന നിലയിലാണ്.
















