അടിമാലിയിൽ ദേശീയപാത നിർമ്മാണത്തിനിടെയുണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ച സംഭവത്തിൽ ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പ്രദേശവാസികൾ. ദേശീയപാത നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിന് കാരണമായതെന്നാണ് നാട്ടുകാരുടെ പ്രധാന ആരോപണം.
അപകടമുണ്ടായിട്ടും ദേശീയപാത അതോറ്റി ഇതുവരെ തിരിഞ്ഞുനോക്കിയില്ലെന്നും ആദ്യഘട്ടത്തിൽ മണ്ണിടിച്ചിലുണ്ടായപ്പോൾ ഒരു നടപടിയും എടുത്തില്ലെന്നും നാട്ടുകാർ പറയുന്നു.
കഴിഞ്ഞദിവസം പത്തടിയോളം ഉയരത്തിൽ നിന്ന് റോഡിലേക്ക് മണ്ണിടിഞ്ഞ് വീണിരുന്നു. ഇതുമൂലം മൂന്നാർ ഭാഗത്തേക്കുള്ള റോഡ് ഗതാഗതം പൂർണമായും തടസ്സപ്പെടുകയും ചെയ്തിരുന്നു. എന്നാൽ മണ്ണ് നീക്കാനോ, വേണ്ട നടപടികൾ സ്വീകരിക്കാനോ തയ്യാറായില്ലെന്നും നാട്ടുകാർ പറയുന്നു. അതിനിടയിലാണ് മണ്ണിടിച്ചിൽ ഉണ്ടാകുമെന്ന മുന്നറിയിപ്പ് നൽകി ഇവിടുത്തെ 22 കുടുംബങ്ങളോട് മാറിത്താമസിക്കാൻ പറഞ്ഞത്.
ഇന്നലെ രാത്രി ഒമ്പതേകാലിനാണ് ആദ്യ മണ്ണിടിച്ചിലുണ്ടായത്. ഇതിന് പിന്നാലെ കുടുംബങ്ങളെ അടുത്തുള്ള സ്‌കൂളിലേക്ക് മാറ്റി. ഒമ്പതരയോടെയാണ് കൂടുതല്‍ മണ്ണ് ഇടിഞ്ഞത്. റോഡിന്‍റെ സംരക്ഷണ ഭിത്തിക്കുള്ളിൽ നിറച്ച മണ്ണാണ് ഇടിഞ്ഞുവീണത്.
എന്നാൽ കുടുംബവീട്ടിലേക്ക് മാറിത്താമസിച്ച ബിജുവും സന്ധ്യയും സർട്ടിഫിക്കറ്റുകളെടുക്കാൻ എത്തിയപ്പോൾ അപകടമുണ്ടാകുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബിജുവിന് ജീവൻ നഷ്ടമാകുകയായിരുന്നു. പരിക്കേറ്റ ഭാര്യ സന്ധ്യയെ വിദഗ്ധ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി.
















