കീവിൽ ഉൾപ്പെടെ യുക്രെയ്നിൽ റഷ്യ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടു. 16 പേർക്കു പരുക്കേറ്റു. വെള്ളിയാഴ്ച രാത്രി തുടങ്ങിയ ആക്രമണം ശനിയാഴ്ച രാവിലെ വരെ നീണ്ടു. ഏതാനും ആക്രമണങ്ങൾ യുക്രെയ്ൻ മിസൈൽവേധ സംവിധാനം പരാജയപ്പെടുത്തി. റഷ്യ 9 മിസൈലുകളും 62 ഡ്രോണുകളുമാണ് തൊടുത്തതെന്ന് യുക്രെയ്ൻ വ്യോമസേന അറിയിച്ചു. യുക്രെയ്നിന്റെ 121 ഡ്രോണുകൾ വ്യോമപ്രതിരോധ സംവിധാനം തകർത്തതായി റഷ്യ അറിയിച്ചു. 2 റഷ്യൻ എണ്ണക്കമ്പനികൾക്കുള്ള ഉപരോധം എല്ലാ സ്ഥാപനങ്ങൾക്കും ബാധകമാണക്കണമെന്നും റഷ്യയ്ക്ക് തിരിച്ചടി നൽകാൻ ദീർഘദൂര മിസൈലുകൾ നൽകണമെന്നും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി അമേരിക്കയോട് ആവശ്യപ്പെട്ടതിനു പിന്നാലെയായിരുന്നു റഷ്യൻ ആക്രമണം.
















