റാഞ്ചി: സർക്കാർ ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ച അഞ്ച് കുട്ടികൾക്ക് എച്ച്ഐവി രോഗബാധ സ്ഥിരീകരിച്ചു. ഝാർഖണ്ഡിലെ സർക്കാർ ആശുപത്രിയിലാണ് ഗുരുതര വീഴ്ച ഉണ്ടായത്. ജനിതക രോഗമായ തലാസീമിയ ബാധിതരായ കുട്ടികൾക്കാണ് അണുബാധ സ്ഥിരീകരിച്ചത്. ഝാർഖണ്ഡ് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു.
സംഭവത്തിന് പിന്നാലെ, കുട്ടികൾക്ക് എങ്ങനെയാണ് ഈ രക്തം ലഭിച്ചതെന്ന് കണ്ടെത്താൻ സംസ്ഥാന സർക്കാർ അഞ്ചംഗ മെഡിക്കൽ സംഘം രൂപീകരിച്ചു. ചൈബാസയിലെ പ്രദേശിക ആശുപത്രിയിൽനിന്ന് രക്തം സ്വീകരിച്ച ഏഴു വയസ്സുകാരനാണ് ആദ്യ രോഗം സ്ഥിരീകരിച്ചത്. പിന്നീട് നടത്തിയ പരിശോധനയിലാണ് നാല് കുട്ടികൾക്ക് കൂടെ രോഗം സ്ഥിരീകരിക്കുന്നത്. കുട്ടിക്ക് ബ്ലഡ് ബാങ്കിൽനിന്ന് 25 യൂണിറ്റ് രക്തം കുത്തിവെച്ചിട്ടുണ്ട്. രക്തം സ്വീകരിച്ച് ഒരാഴ്ചയ്ക്ക് ശേഷം നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്.
രക്തം സ്വീകരിച്ചതിലൂടെയാണ് കുട്ടികൾക്ക് എച്ച്ഐവി പോസിറ്റീവ് ആയതെന്ന് പറയാനാകില്ലെന്ന് ജില്ലാ സിവിൽ സർജൻ ഡോ. സുശാന്തോ മാജി പറഞ്ഞു. ഉപയോഗിച്ച സൂചികളുടെ ഉപയോഗവും അണുബാധയ്ക്ക് കാരണമാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ വെസ്റ്റ് സിംഗ്ഭും ജില്ലയിൽ 515 എച്ച്ഐവി പോസിറ്റീവ് കേസുകളും 56 തലസീമിയ രോഗികളുമുണ്ട്.
















