ചെന്നൈ: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തെളിവെടുപ്പ് പുരോഗമിക്കുന്നു. ബെംഗളൂരുവിലെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഫ്ലാറ്റിൽ നിന്ന് റിയൽ എസ്റ്റേറ്റ് രേഖകളും സ്വർണാഭരണങ്ങളും കണ്ടെടുത്തതായാണ് വിവരം. പോറ്റിയുടെ ഭൂമി ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ എസ്ഐടി അന്വേഷിക്കുന്നുവെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന.
ഉണ്ണികൃഷ്ണൻ പോറ്റിയുമായി ശനിയാഴ്ച രാത്രി വൈകിയും പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. ചെന്നൈയിലും ബെംഗളൂരുവിലും സംഘം പരിശോധന നടത്തി. പോറ്റിയെ ബെംഗളൂരു, ചെന്നൈ, ബെല്ലാരി എന്നിവിടങ്ങളിൽ തെളിവെടുപ്പിനായി കൊണ്ടുപോയിരുന്നു. ബംഗളൂരുവിലെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഫ്ലാറ്റിൽ നടത്തിയ പരിശോധന രാത്രി 10 മണിക്ക് ശേഷമാണ് അവസാനിച്ചത്. ഈ പരിശോധനയിൽ പോറ്റിയുടെ റിയൽ എസ്റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട നിരവധി നിർണായക രേഖകൾ കണ്ടെടുത്തതായാണ് വിവരം. ഇത്രയും വലിയ ഭൂമി ഇടപാടുകൾ പോറ്റി എങ്ങനെ നടത്തി, അതിനുള്ള സമ്പത്ത് എവിടെ നിന്ന് ലഭിച്ചു എന്ന കാര്യമാണ് നിലവിൽ അന്വേഷണ സംഘം പരിശോധിക്കുന്നത്.
ഏകദേശം 22 പവനോളം സ്വർണ്ണാഭരണങ്ങൾ പോറ്റിയുടെ ഫ്ലാറ്റിൽ നിന്നും കണ്ടെത്തിയതായാണ് വിവരം. ഈ സ്വർണ്ണാഭരണങ്ങൾ ശബരിമലയിൽ നിന്നും കവർന്ന സ്വർണ്ണവുമായി ബന്ധപ്പെട്ടതാണോയെന്നും പരിശോധിക്കുന്നുണ്ട്. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനത്തിലും ഉണ്ണികൃഷ്ണൻ പോറ്റിയുമായി ചേർന്ന് അന്വേഷണ സംഘം പരിശോധന നടത്തി. ശനിയാഴ്ച രാത്രി ഒരു മണി വരെയോളം പോലീസ് സംഘം ചെന്നൈയിൽ, സ്മാർട്ട് ക്രിയേഷൻസിലും സമീപത്തുള്ള ഭാഗങ്ങളിലും ഉണ്ടായിരുന്നു. പണിക്കൂലിയായി നൽകിയ 109 ഗ്രാം സ്വർണ്ണമാണ് സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് കണ്ടെടുക്കേണ്ടത്. ചെമ്പുപാളിയിൽ സ്വർണ്ണം പതിക്കുന്നതിനോ പൊതിയാൻ വേണ്ടിയോ ഉണ്ണികൃഷ്ണൻ പോറ്റി നൽകിയതാണ് ഈ 109 ഗ്രാം സ്വർണ്ണം. ദേവസ്വം ബോർഡിന്റെ അപ്പ്രൈസർമാരെ ഉൾപ്പെടെ കൂട്ടിയാണ് പോലീസ് സംഘം ഈ പരിശോധനക്കെത്തിയത്. ഈ സ്വർണ്ണം വീണ്ടെടുക്കാൻ സാധ്യതയുണ്ടെന്ന് സൂചനകളുണ്ട്.പ്രത്യേക അന്വേഷണ സംഘത്തലവനായ എസ് പി ശശിധരന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടന്നത്. അന്വേഷണ സംഘം ഓരോ നീക്കങ്ങളും വളരെ രഹസ്യമായാണ് നടത്തുന്നത്. തെളിവെടുപ്പ് ഇന്നും തുടരും.
















