വാഷിങ്ടൺ: കാനഡയ്ക്കെതിരെ താരിഫ് ഉയർത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കാനഡയിൽ നിന്നുള്ള ഇറക്കുമതിക്ക് 10 ശതമാനം കൂടി അധിക നികുതി ഏർപ്പെടുത്താനാണ് തീരുമാനം. വേൾഡ് സീരീസിലെ ആദ്യ മത്സരത്തിനിടെ ഒന്റാരിയോ സർക്കാർ സംപ്രേഷണം ചെയ്ത വിവാദപരമായ ഒരു ടെലിവിഷൻ പരസ്യമാണ് ട്രംപിനെ ചൊടിപ്പിച്ചത്.
വസ്തുതകളെ ഗുരുതരമായി വളച്ചൊടിച്ചതിനാലും ശത്രുതാപരമായ നടപടി സ്വീകരിച്ചതിനാലും, കാനഡയ്ക്ക് മേൽ ഇപ്പോൾ നൽകുന്നതിനേക്കാൾ 10% അധികമായി താരിഫ് വർദ്ധിപ്പിക്കുകയാണ്. ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
പരസ്യത്തിൽ മുൻ യുഎസ് പ്രസിഡന്റ് റൊണാൾഡ് റീഗൻ, താരിഫുകളെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഹാനികരമായി കണക്കാക്കുന്നതിന്റെയും വ്യാപാര യുദ്ധങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകുന്നതിന്റെയും ഓഡിയോ ഉൾപ്പെടുത്തിയിരുന്നു. തന്റെ സംരക്ഷണ വ്യാപാര നയങ്ങളെ വിമർശിക്കുന്നതിനായി റീഗന്റെ വാക്കുകൾ ഒന്റാരിയോ സർക്കാർ മനഃപൂർവം ദുരുപയോഗം ചെയ്തുവെന്നാണ് ട്രംപിന്റെ ആരോപണം.
പരസ്യം പിൻവലിക്കുമെന്ന് ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് പിന്നീട് സ്ഥിരീകരിച്ചു. പരസ്യത്തിന്റെ സന്ദേശം ന്യായമായ വ്യാപാരത്തിനും തുറന്ന വിപണികൾക്കും വേണ്ടിയുള്ള ആഹ്വാനമാണെന്ന് അദ്ദേഹം ന്യായീകരിച്ചു. ആക്രമിക്കുക എന്ന ഉദ്ദേശ്യം ഉണ്ടായിരുന്നില്ലെന്നും മറിച്ച് സഹകരണം പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യമെന്നും ഫോർഡ് കൂട്ടിച്ചേർത്തു.ചർച്ചകൾക്ക് രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി പ്രതികരിച്ചു. സംഘർഷം വർദ്ധിപ്പിക്കുന്നതിന് പകരം ചർച്ചകളും നയതന്ത്രവുമാണ് ഞങ്ങൾ ഇഷ്ടപ്പെടുന്നത്. വ്യാപാര കാര്യങ്ങളിൽ പരസ്പര ബഹുമാനം നിലനിർത്തണം. കാർണി പറഞ്ഞു.
















