ഇടുക്കി: ഇടുക്കി ജില്ലയിലെ അടിമാലി കൂമ്പൻപാറ ലക്ഷം വീട് കോളനിയെ ദുരിതത്തിലാഴ്ത്തിയ മണ്ണിടിച്ചിൽ അപകടത്തിൽ വിശദീകരണവുമായി ദേശീയപാതാ അതോറിറ്റി. സ്ഥലത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നിരുന്നില്ല എന്ന് ദേശീയപാത അതോറിറ്റി പറഞ്ഞു.
പ്രദേശത്ത് മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ സമീപവാസികളോട് മാറി താമസിക്കാൻ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയതാണ് . സുരക്ഷാ നിർദേശങ്ങൾ ഗൗരവത്തിൽ കാണണമെന്നും ദേശീയപാത അതോറിറ്റി അറിയിച്ചു. ബിജുവും ഭാര്യയും അപകടത്തിൽ പെട്ടത് വ്യക്തിപരമായ ആവശ്യത്തിന് വീട്ടിൽ എത്തിയപ്പോഴാണെന്നാണ് ദേശീയ പാത അതോറിറ്റിയുടെ വിശദീകരണം.
അതേസമയം, ദേശീയ പാത അതോറിറ്റിയുടെ വീഴ്ചയാണ് അപകടത്തിലേക്ക് നയിച്ചത് നാട്ടുകാരുടെ ആരോപണം. വിഷയത്തിൽ മന്ത്രി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയപാതയ്ക്കായി മണ്ണെടുത്ത സ്ഥലത്ത് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചിരുന്നു.അടിമാലി ലക്ഷം വീട് ഉന്നതിയിലെ ബിജുവാണ് മരിച്ചത്. കാലിനു ഗുരുതരമായി പരിക്കേറ്റ ബിജുവിന്റെ ഭാര്യ സന്ധ്യയെ വിദഗ്ധ ചികിത്സയ്ക്കായി ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് പുലർച്ചെ മൂന്നുമണിയോടെ സന്ധ്യയെ പുറത്ത് എത്തിച്ചിരുന്നു. നാലുമണിയോടെ ബിജുവിന്റെ മൃതദേഹവും പുറത്തെടുത്തു. മണ്ണിടിച്ചിലില്‍ ആറ് വീടുകൾ മണ്ണിനടിയിലായി. 10 വീടുകൾ പൂർണമായും തകർന്നു. സ്ഥലത്തെ 22 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്.
















