കൊച്ചി: കേരളക്കരയെനിരാശയിലാഴ്ത്തിയാണ് അർജന്റീന ഫുട്ബോൾ ടീം നവംബറിൽ കൊച്ചിയിലെത്തില്ലെന്ന ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നത്. മെസി കേരളത്തിൽ കളിക്കില്ലെന്ന് അർജന്റീന ഫുട്ബോൾ ടീം തന്നെ വ്യക്തമാക്കുകയായിരുന്നു. മെസിയുടെ കേരള സന്ദർശനം അടുത്ത വിൻഡോയിൽ നോക്കാമെന്ന് പറയുകയാണ് സ്പോൺസറായ ആന്റോ അഗസ്റ്റിൻ.
നടക്കുന്നത് ഗോട്ടി കളിയല്ല, അന്താരാഷ്ട്ര മത്സരമാണെന്നും അടുത്ത മാർച്ച് വിൻഡോയിലേക്കുള്ള അപ്ലിക്കേഷൻ ഫിഫയ്ക്ക് നൽകിയിട്ടുണ്ടെന്നും ആന്റോ പത്രസമ്മേളനത്തിൽ പറഞ്ഞു.’ഫിഫാ വിൻഡോയിൽ ഉള്ള മാച്ച് ഫിഫ അപ്രൂവൽ ഇല്ലാതെ നടക്കില്ല. ആ അപ്രൂവൽ എടുക്കാനുള്ള മുഴുവൻ കാര്യങ്ങളും ചെയ്തിട്ടുണ്ട്. അപ്രൂവൽ കിട്ടിയാൽ കളി നടക്കും. ഞങ്ങളും സർക്കാരും ഗൗരവമായി തന്നെയാണ് ഇതിനെ കൈകാര്യം ചെയ്തത്. അത്രയും മുതൽമുടക്ക് ചെയ്യുന്നതും അതുകൊണ്ട് തന്നെയാണ്. നവംബറിലെ കളിക്ക് ഫിഫ അനുമതി നൽകിയിട്ടില്ല. മാർച്ച് വിൻഡോയിലേക്കുള്ള ആപ്ലിക്കേഷൻ നൽകിയിട്ടുണ്ട്. മാർച്ച് വിൻഡോയിൽ കളി നടത്തണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഞാനാണ്. ഗോട്ടി കളിയല്ല, അന്താരാഷ്ട്ര മത്സരമാണ് നടക്കുന്നത്. അതിന് വേണ്ടിയാണ് ഒരു സ്റ്റേഡിയം നവീകരിച്ച്, ഫിഫയുടെ അപ്രൂവൽ എടുത്ത്, ചർച്ചകൾ നടത്തിയതെല്ലാം. ഫിഫയാണ് മത്സരം സംബന്ധിച്ച് തീരുമാനം എടുക്കേണ്ടതെന്ന് 500 വട്ടം പറഞ്ഞതാണ്. ഫിഫ അനുമതിയില്ലാതെ ഒന്നും നടക്കില്ല.’ ആന്റോ പറഞ്ഞു.
‘നമ്മൾ മാത്രം വിചാരിച്ചാൽ നടക്കുന്ന കാര്യമല്ലിത്. ഞങ്ങൾ പരമാവധി ശ്രമിച്ചിട്ടുണ്ട്. സർക്കാർ അത് കണ്ടിട്ടുണ്ട്. നിങ്ങൾ ചിലർ മാത്രമാണ് അതൊന്നും കാണാത്തത്. കേരളത്തിൽ മെസ്സിയെ കൊണ്ടുവരിക മാത്രമല്ല ലക്ഷ്യം. ഫിഫ അംഗീകാരത്തോടെ ഒരു രാജ്യാന്തര സൗഹൃദ മത്സരം നടത്തുകയാണ് ലക്ഷ്യം. അത് നമ്മുട ഫുട്ബോളിൻറെ വളർച്ച കൂടി ലക്ഷ്യമിട്ടാണ്. ഫിഫ നിലവാരത്തിലുള്ള രാജ്യാന്തര സ്റ്റേഡിയം ആക്കാനാണ് ലക്ഷ്യമിടുന്നത്’. ആന്റോ അഗസ്റ്റിൻ പറഞ്ഞു.
















