നാഗ്പുർ: നാഗ്പൂരിൽ നടന്ന ഒരു സർക്കാർ പരിപാടിയിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി നോക്കിനിൽക്കെ വേദിയിൽ വനിതാ പോസ്റ്റൽ ഓഫിസർമാർ തമ്മിൽ തർക്കം. വേദിയിലെ ഇരിപ്പിടത്തെച്ചൊല്ലി ഉണ്ടായ വനിതാ പോസ്റ്റൽ ഓഫിസർമാരുടെ തർക്കത്തിന്റെ വിഡിയോ സാമൂഹ്യമാധ്യമങ്ങളിലടക്കം വൈറൽ ആണ്.
हौले हौले ऐसे भी धक्का-मुक्की किया जा सकता है ….
केंद्रीय मंत्री नितिन गडकरी के सामने ये दो महिला अधिकारी शोभा माघले और शुचिता जोशी एक कार्यक्रम में मंच पर ही उलझ रही , इनका झगड़ा पुराना है
दृश्य देखिए 😁@Nitin_Gadkari_B #Maharastragov #indianpostaldepartment pic.twitter.com/H812seGH1M— Anand Mohan (@anandfiles) October 25, 2025
നാഗ്പുർ മേഖല പോസ്റ്റ് മാസ്റ്റർ ജനറലായി സേവനം അനുഷ്ഠിച്ചിരുന്ന വനിതാ ഓഫിസറും (ഇവരെ കർണാടകയിലേക്കു സ്ഥലംമാറ്റിയിരുന്നു) നിലവിൽ ഡിവിഷന്റെ അധിക ചുമതല വഹിക്കുന്ന വനിതാ ഓഫിസറും തമ്മിലാണ് ഏറ്റുമുട്ടിയത്. തന്റെ സ്ഥലംമാറ്റ ഉത്തരവ് ചോദ്യംചെയ്ത ഓഫിസർ കോടതിയിൽനിന്ന് സ്റ്റേ ഓർഡർ വാങ്ങിയെടുത്തിരുന്നു. ഇതോടെ ആ തസ്തികയുടെ ഔദ്യോഗിക ചുമതല ആർക്കാണെന്നതിൽ ആശയക്കുഴപ്പമുണ്ടായി. ഇത് വനിതാ ഉദ്യോഗസ്ഥർക്കിടയിൽ വലിയ സംഘർഷമുണ്ടാക്കിയിരുന്നു.
ഗഡ്കരി വേദിയിൽ ഇരിക്കെ ഒരു ഉദ്യോഗസ്ഥ മറ്റേയാളോട് അപ്പുറത്തേക്ക് മാറിയിരിക്കാൻ ആവശ്യപ്പെട്ടു. ഒരേ സോഫയിലാണ് ഇരുവരും ഇരുന്നത്. എന്നാൽ അവർ അതിന് തയാറാകാതിരുന്നപ്പോൾ കൈമുട്ട് വച്ച് കുത്തുകയും തട്ടുകയും നുള്ളുകയും ചെയ്യുന്നതും വിഡിയോയിൽ കാണാം. അങ്ങനെ ചെയ്യുമ്പോൾ കൈയിലിരുന്ന കുപ്പിയിൽനിന്ന് വെള്ളം പുറത്തേക്കു തെറിക്കുന്നുമുണ്ട്. ഒരു പൊതുവേദിയിൽ ജനങ്ങൾക്കും ക്യാമറയ്ക്കും അഭിമുഖമായാണ് ഇരിക്കുന്നതെന്ന സാമാന്യ ബോധം പോലും ആ ഉദ്യോഗസ്ഥ പ്രകടിപ്പിക്കുന്നില്ല. ബഹളം കേട്ട് ഗഡ്കരി ഇടയ്ക്കിടയ്ക്ക് അസ്വസ്ഥതയോടെ ഇരുവരെയും നോക്കുന്നതും വിഡിയോയിൽനിന്നു വ്യക്തമാണ്. വനിതാ ഉദ്യോഗസ്ഥരുടെ തർക്കം പൊതുജനങ്ങളും ശ്രദ്ധിച്ചു.
അതേസമയം, സംഭവത്തിൽ പോസ്റ്റൽ ഡിപ്പാർട്മെന്റ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഉദ്യോഗസ്ഥ വിഭാഗത്തിനുതന്നെ നാണക്കേടാണ് ഇവരുടെ ഏറ്റുമുട്ടലെന്നും മറ്റും വിഡിയോയ്ക്കു താഴെ പ്രതികരണങ്ങൾ വന്നിട്ടുണ്ട്.
















