ആഗ്ര: ഹാഥ്രസിലെ ഹസയൻ പ്രദേശത്തെ ഇറ്റാർണി ഗ്രാമത്തിൽ പാമ്പ് കടിയേറ്റ് മരിച്ച മകനെ വീണ്ടും ജീവിപ്പിക്കാൻ കുട്ടിയുടെ ശരീരം ചാണകം കൊണ്ട് പൊതിഞ്ഞു സൂക്ഷിച്ചു. മരിച്ച 10 വയസ്സുകാരനെ പുനരുജ്ജീവിപ്പിക്കാമെന്ന അന്ധവിശ്വാസത്തിൽ ആണ് കുടുംബം മൃതദേഹം മൂന്ന് ദിവസം വേപ്പിലയും ചാണകവും കൊണ്ട് മൂടിയിട്ടത്.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഒക്ടോബർ 20ന് ദീപാവലി രാത്രിയിൽ വീട്ടിൽ വെച്ച് പാമ്പ് കടിയേറ്റാണ് കപിൽ ജാതവ് എന്ന ബാലൻ മരിച്ചത്. ഉടൻ തന്നെ കുട്ടിയെ പ്രാദേശിക സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.
മഥുരയിലെ മന്ത്രവാദിയുടെ അടുക്കൽ
മൃതദേഹവുമായി വീട്ടിലെത്തിയ ശേഷം, മന്ത്രവാദികളുടെ സഹായം തേടാൻ അയൽക്കാർ കുടുംബത്തെ നിർബന്ധിച്ചു. മഥുരയിലെ മന്ത്രവാദികൾക്ക് ആചാരങ്ങളിലൂടെ കുട്ടിയെ ജീവനിലേക്ക് തിരികെ കൊണ്ടുവരാൻ സാധിക്കുമെന്നായിരുന്നു ഇവരുടെ വാദം. തുടർന്ന് കുടുംബം മൃതദേഹം മഥുരയിലേക്ക് കൊണ്ടുപോയെങ്കിലും മന്ത്രവാദിയുടെ ശ്രമം പരാജയപ്പെട്ടു. വീണ്ടും ഗ്രാമത്തിൽ തിരിച്ചെത്തിയ കുടുംബം നിരാശയുടെ അവസാന ശ്രമമെന്ന നിലയിൽ, മൃതദേഹം വേപ്പിലയും ഉണങ്ങിയ ചാണകവും കൊണ്ട് പൂർണ്ണമായും മൂടി ഗ്രാമത്തിന് പുറത്ത് വെച്ചു. അവിടെ വെച്ച് മന്ത്രവാദികൾ കുട്ടിയെ ‘പുനരുജ്ജീവിപ്പിക്കാൻ’ വേണ്ടി മറ്റ് ചടങ്ങുകൾ നടത്തി.
തുടർച്ചയായി മൂന്ന് ദിവസമാണ് കുട്ടിയുടെ കാലിൽ ഒരു മരച്ചില്ല കൊണ്ട് തട്ടിനോക്കി കുടുംബാംഗങ്ങളും ഗ്രാമീണരും അനക്കത്തിനായി കാത്തിരുന്നത്. ഒരു പ്രതികരണവും ഉണ്ടാകാതെ വന്നതോടെ വ്യാഴാഴ്ച രാത്രി പൊലീസിനെ വിവരമറിയിച്ചു. അധികൃതർ ഉടൻ സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. പോസ്റ്റ്‌മോർട്ടം വെള്ളിയാഴ്ച നടത്തി, അതിനുശേഷം മൃതദേഹം സംസ്കരിച്ചുവെന്ന് കൂലിപ്പണിക്കാരനായ കുട്ടിയുടെ പിതാവ് നരേന്ദർ ജാതവ് പറഞ്ഞു. സംഭവത്തിൽ ഇതുവരെ ആരും പരാതി നൽകിയിട്ടില്ല. എന്നാൽ സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നുവരികയാണെന്ന് ഹസായൻ എസ്എച്ച്ഒ ഗിരീഷ്‌ചന്ദ്ര ഗൗതം പറഞ്ഞു.
















