വാട്ട്‌സ്ആപ്പിന് ശക്തമായ വെല്ലുവിളി ഉയർത്തി ഇന്ത്യയിൽ വ്യാപക പ്രചാരം നേടിയ മെസേജിങ് ആപ്പ് ആണ് ചെന്നൈ ആസ്ഥാനമായുള്ള സോഹോ കമ്പനി പുറത്തിറക്കിയ അരട്ടൈ ആപ്പ്.
ഇപ്പോഴിതാ മെസേജിങ് ആപ്പിന് പിന്നാലെ, പേയ്‌മെൻ്റ് ആപ്പും പുറത്തിറക്കാൻ ഒരുങ്ങുകയാണ് സോഹോ. കഴിഞ്ഞ ദിവസമാണ് ഗൂഗിൾ പേ, ഫോൺ പേ, പേടിഎം തുടങ്ങിയവ പോലെ പുതിയ പേയ്‌മെന്റ് ആപ്ലിക്കേഷൻ പുറത്തിറക്കാനുള്ള ശ്രമങ്ങൾ സോഹോ നടത്തികൊണ്ടിരിക്കുകയാണെന്ന് എന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നത്. സോഹോ പേ ഒരു സ്റ്റാൻഡ്-എലോൺ ആപ്ലിക്കേഷനായി ഉപയോക്താക്കൾക്ക് ലഭ്യമാകും.
സോഹോയുടെ മെസേജിങ് ആപ്പായ അരട്ടൈയുമായി സംയോജിപ്പിച്ചും ഈ പേയ്‌മെൻ്റ് സൗകര്യം ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. വാട്‌സ്ആപ്പിലെ പേയ്‌മെന്റ് ഫീച്ചർ പോലെ മെസേജിങ് ഇന്റർഫേസിൽ തന്നെ പേയ്‌മെന്റ് സൗകര്യവും സജ്ജീകരിക്കുമ്പോൾ, യൂസർമാർക്ക് ചാറ്റ് വിന്റോകളിൽ നിന്നും പുറത്തിറങ്ങാതെ തന്നെ പണം സ്വീകരിക്കാനും ബില്ലടിക്കാനും സുരക്ഷിതമായി സാധിക്കുമെന്നതാണ് സോഹോ പേയുടെ പ്രധാന പ്രത്യേകത.
















