കലൂര്‍ സ്റ്റേഡിയം വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുകയാണ്. അര്‍ജന്റീന മത്സരം വന്നതാണ് വീണ്ടും ചര്‍ച്ചയാകാന്‍ കാരണം. അതേസമയം നവീകരണത്തിലുള്ള സ്‌പോണ്‍സറുടെ താല്‍പര്യത്തില്‍ ദുരൂഹതയെന്ന റിപ്പോര്‍ട്ടും പുറത്തുവരികയാണ്. വിവിഐപി ഗാലറികള്‍, ലൈറ്റിങ്, സ്റ്റേഡിയം ബലപ്പെടുത്തല്‍, പുറമേയുള്ള അറ്റകുറ്റപ്പണികള്‍. എല്ലാം ഉടന്‍ പൂര്‍ത്തിയാക്കും. അര്‍ജന്റീനയുടെ മത്സരത്തിനുശേഷം മറ്റ് രാജ്യാന്തര മത്സരങ്ങള്‍ക്കും സ്റ്റേഡിയം ഉപയോഗിക്കാം. ഇതൊക്കെയായിരുന്നു സ്‌പോണ്‍സറുടെ അവകാശവാദങ്ങള്‍. എന്നാല്‍, സ്റ്റേഡിയത്തില്‍ തുടര്‍ന്നും അവകാശം വേണമെന്ന ആവശ്യവും സ്‌പോണ്‍സര്‍ സര്‍ക്കാറിനു മുന്നില്‍ വച്ചിരുന്നു.
അര്‍ജന്റീന മത്സരത്തിനു ശേഷവും സ്റ്റേഡിയത്തില്‍ അവകാശം വേണമെന്നാണ് സ്‌പോണ്‍സര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ആ ആവശ്യം അന്നേ തള്ളിയ ജിസിഡിഎ, വീണ്ടും മത്സരം കൊണ്ടുവന്നാല്‍ പരിഗണന മാത്രം നല്‍കാമെന്ന നിലപാടിലാണ്. ഗോട്ടി കളിയല്ല, വലിയ കളികള്‍ തന്നെയായിരുന്നു സ്‌പോണ്‍സറുടെ ലക്ഷ്യമെന്ന് ഈ ആവശ്യത്തില്‍ വ്യക്തം. എന്നാല്‍ ജിസിഡിഎ ഒരു മത്സരത്തിന് മാത്രമാണ് സ്റ്റേഡിയം വിട്ടുനല്‍കിയത്. മറ്റൊരു കരാറുമില്ലെന്നും, ആളുകള്‍ക്ക് എന്തും ആവശ്യപ്പെടാമല്ലോയെന്നും എന്ന് ജിസിഡിഎ ചെയര്‍മാന്‍ കെ.ചന്ദ്രന്‍ പിള്ള പറഞ്ഞു.
നവംബറില്‍ കളി നടക്കില്ലെന്ന് ഉറപ്പായതോടെ കലൂര്‍ സ്റ്റേഡിയത്തിന്റെ നവീകരണവും താളം തെറ്റിയിട്ടുണ്ട്. പ്രതിദിനം രണ്ടായിരം തൊഴിലാളികളെ വച്ച് നവീകരണം വേഗത്തിലാക്കും എന്നായിരുന്നു സ്‌പോണ്‍സറുടെ പ്രഖ്യാപനമെങ്കിലും, സ്റ്റേഡിയത്തിന് സമീപത്തെ മരം വെട്ടിയതും, അരമതിലും മെറ്റല്‍ നിരത്തിയതുമാണ് നിലവില്‍ പൂര്‍ത്തിയായ പണി. അര്‍ജന്റീന മത്സരത്തെക്കുറിച്ചുള്ള സ്‌പോണ്‍സറുടെ പല പ്രഖ്യാപനങ്ങളും സംശയത്തിനിടവരുത്തിയിരുന്നു. പക്ഷേ നേടാന്‍ ഉദ്ദേശിച്ചിരുന്ന കാര്യം ചെറുതൊന്നുമല്ലെന്നാണ് ഗ്രൗണ്ടിന് പുറത്ത് സ്‌പോണ്‍സര്‍ നടത്തിയ നീക്കത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ വ്യക്തമാകുന്നത്.
















