തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരെ കുംഭകോണ പരാതി ഉയര്‍ന്നതിന് പിന്നാലെ വീണ്ടും ഉന്നംവെച്ച് കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍.
സംഭവം പുറത്തുവന്നതിന് പിന്നാലെ ഫേസ്ബുക്കിലൂടെ പരിഹസിച്ച് സന്ദീപ് രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ വീണ്ടും ഫേസ്ബുക്കിലൂടെ തന്നെ രാജീവ് ചന്ദ്രശേഖറിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സന്ദീപ് വാര്യര്‍.
വിഷയം ചര്‍ച്ചയായതിന് പിന്നാലെ തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. മാരാര്‍ജി ഭവന് മുന്നില്‍ കാത്ത് നിന്ന മാധ്യമങ്ങള്‍ ‘മുതലാള്‍ജി’യെ വെറുതെ വിടണമെന്നായിരുന്നു സന്ദീപ് വാര്യരുടെ പരിഹാസം. ‘പ്രിയപ്പെട്ട മാധ്യമപ്രവര്‍ത്തകരെ, നിങ്ങള്‍ക്ക് കണ്ണില്‍ ചോരയില്ലേ? നിങ്ങള്‍ മാരാര്‍ജി ഭവന്റെ പുറത്ത് കാത്തുനില്‍ക്കുന്നത് കാരണം മുതലാള്‍ജിക്ക് പുറത്തിറങ്ങാന്‍ കഴിയുന്നില്ല. മീഡിയ കോർഡിനേറ്റര്‍ വിളിച്ച് കാലുപിടിച്ച് കെഞ്ചിയിട്ടും നിങ്ങള്‍ പിരിഞ്ഞു പോകാത്തത് കഷ്ടമാണ്.
പ്ലീസ് പിരിഞ്ഞുപോകൂ. ഞങ്ങളുടെ മുതലാള്‍ജി പാവമാണ്’, സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. രാജീവ് ചന്ദ്രശേഖറിനെതിരായ പരാതിയുടെ വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ‘മുതലാളി മാരാര്‍ജി ഭവന്‍ വിറ്റ് ഒരു പോക്ക് പോകും’ എന്നായിരുന്നു സന്ദീപ് വാര്യര്‍ പ്രതികരിച്ചത്.
















