തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി പി എസ് പ്രശാന്ത് തുടരും. കാലാവധി ഒരു വർഷം കൂടി നീട്ടാൻ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. നവംബർ 10 ന് കാലാവധി അവസാനിക്കാൻ ഇരിക്കെ ആണ് നിർണായക തീരുമാനം. ശബരിമലയിലെ ദ്വാരപാലക ശില്പത്തിലെ സ്വർണ്ണക്കൊള്ളയിൽ പി.എസ് പ്രശാന്തിന്റെ രാജി പ്രതിപക്ഷം ആവശ്യപ്പെടുമ്പോഴാണ് കാലാവധി നീട്ടി നൽകുന്നത്. കാലാവധി നീട്ടിക്കൊണ്ടുള്ള ഓർഡിനൻസ് ഉടൻ സർക്കാർ പുറത്തിറക്കും. മെമ്പർ അഡ്വ. അജികുമാറിന്റെ കാര്യത്തിൽ സി.പി ഐ തീരുമാനമെടുക്കും.
അതേസമയം, സ്വർണക്കൊള്ളയിൽ തെളിവെടുപ്പ് പൂർത്തിയാക്കി ഉണ്ണിക്കൃഷ്ണൻപോറ്റിയെ തിരുവനന്തപുരത്ത് തിരിച്ചെത്തിച്ചു. പോറ്റിയുമായി ബംഗളൂരുവിലും ചെന്നൈയിലുമാണ് തെളിവെടുപ്പിന് ശേഷം തിരികെ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ചത്. ബെല്ലാരിയിലെ സ്വർണ്ണ വ്യാപാരി ഗോവർദ്ധന്റെ ജ്വല്ലറിയിലും ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലും മണിക്കൂറുകൾ നീണ്ട പരിശോധനയാണ് എസ്ഐടി നടത്തിയത്. ബംഗളൂരുവിലും ഉണ്ണികൃഷ്ണൻ പോറ്റി കോടികളുടെ ഭൂമിയിടപാടുകൾ നടത്തിയെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. സുഹൃത്തായ രമേശ് റാവുവിനെ മറയാക്കി ബംഗളൂരുവിൽ പണം പലിശയ്ക്ക് കൊടുക്കുന്ന ഏർപ്പാടും പോറ്റിക്കുണ്ടായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.
STORY HIGHLIGHT : PS Prasanth to continue as Travancore Devaswom Board President; term extended
















