ന്യൂഡൽഹി: പാകിസ്താൻ ബോളിവുഡ് താരം സൽമാൻ ഖാനെ ഭീകരവാദിയായി പ്രഖ്യാപിച്ചെന്ന വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. സൽമാൻ ഖാൻ റിയാദ് ഫോറത്തിൽ സംസാരിക്കവെ ബലൂചിസ്താൻ എന്ന ഒരു പരാമർശം നടത്തിയിരുന്നു. അതിനെ തുടർന്നാണ് പാകിസ്താന്റെ നടപടിയെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ, പാകിസ്താൻ സൽമാൻ ഖാനെ തീവ്രവാദപ്പട്ടികയിൽ ഉൾപ്പെടുത്തിയെന്ന വാർത്തയിലെ വസ്തുത എന്താണെന്ന് നോക്കാം..
സൽമാൻ ഖാനെതിരായ പാകിസ്താൻ സർക്കാരിന്റെ ഇത്തരമൊരു നടപടി സ്ഥിരീകരിക്കുന്ന ആധികാരിക റിപ്പോർട്ടുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. പാകിസ്താൻ സർക്കാരിലെ ഔദ്യോഗിക പ്രതിനിധികളോ വൃത്തങ്ങളോ ഇത്തരമൊരു നടപടി സ്ഥിരീകരിച്ചിട്ടില്ലെന്ന് മാത്രമല്ല, പാക് മാധ്യമങ്ങളും ഇങ്ങനൊരു വിഷയം റിപ്പോർട്ട് ചെയ്തിട്ടില്ല. പിന്നെ എന്താണ് ഇത്തരമൊരു വാർത്ത പുറത്തുവരാൻ കാരണം…?
ബലൂചിസ്താൻ സർക്കാരിന്റെ ആഭ്യന്തര വകുപ്പിന്റെ പേരിൽ പുറത്തുവന്നിരിക്കുന്ന ഒരു വിജ്ഞാനമാണ് ഇതുസംബന്ധിച്ച വാർത്തകൾക്ക് പിന്നിലെന്നാണ് വ്യക്തമാകുന്നത്. ഈ മാസം 16ന് പുറത്തിറക്കിയ വിജ്ഞാപനത്തിൽ, സൽമാൻ ഖാനെ ‘ആസാദ് ബലൂചിസ്താൻ ഫെസിലിറ്റേറ്റർ’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
ടർബാറ്റിലെ കെച്ച് ജില്ലാ ഇന്റലിജൻസ് ഏകോപന സമിതി 1997ലെ ഭീകരവിരുദ്ധ നിയമത്തിന്റെ നാലാം ഷെഡ്യൂളിൽ സൽമാൻ ഖാന്റെ പേര് ഉൾപ്പെടുത്താൻ ശുപാർശ ചെയ്തിട്ടുണ്ടെന്നും തീവ്രവാദവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടിരിക്കുന്നവരെയാണ് ഈ പട്ടികയിൽ ഉൾപ്പെടുത്തുന്നതെന്നും വിജ്ഞാപനത്തിൽ പറയുന്നു. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ വിജ്ഞാപനത്തിന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
ഔദ്യോഗിക സ്ഥിരീകരണത്തിന്റെ അഭാവം കൊണ്ടും പ്രചരിക്കുന്ന രേഖയുടെ ആധികാരികതയിൽ സംശയമുള്ളതിനാലും സൽമാൻ ഖാനെ പാകിസ്താൻ ഭീകര നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന റിപ്പോർട്ടുകൾ ശരിയാണെന്ന് പറയാനാവില്ല.
പാകിസ്താന്റെ തെക്കു പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രവിശ്യയാണ് ബലൂചിസ്താൻ. ബലൂചിസ്ഥാൻ പ്രസിഡന്റ് നാമനിർദേശം ചെയ്യുന്ന ഗവർണറാണ് പ്രവിശ്യാ തലവൻ. സ്വതന്ത്ര ബലൂചിസ്താന് വേണ്ടി വാദിക്കുന്ന വിവിധ സംഘടനകൾ ഇവിടെയുണ്ട്.
‘ഒരു ഹിന്ദി സിനിമ നിർമിക്കുകയും സൗദി അറേബ്യയിൽ റിലീസ് ചെയ്യുകയും ചെയ്താൽ ഇപ്പോൾ സൂപ്പർ ഹിറ്റാകും. അതുപേലെ തമിഴ്, തെലുങ്ക്, മലയാളം സിനിമ റിലീസാലും നൂറു കോടി ലഭിക്കും. കാരണം മറ്റു രാജ്യങ്ങളിൽനിന്ന് നിരവധി പേരാണ് സൗദിയിലേക്ക് വരുന്നത്. ഇവിടെ ബലൂചിസ്താനിൽ നിന്നുള്ളവരുണ്ട്, അഫ്ഗാനിസ്താനിൽ നിന്നുള്ളവരുണ്ട്, പാകിസ്താനിൽ നിന്നുള്ളവരുണ്ട്… എല്ലാ രാജ്യക്കാരും ഇവിടെ ജോലിയെടുക്കുന്നുണ്ട്’- എന്നായിരുന്നു സൽമാൻ ഖാന്റെ വാക്കുകൾ.
















