ഇന്ത്യയുടെ ഏറ്റവും വലിയ സ്വർണശേഖരത്തിൻറെ കേന്ദ്രമായി ബിഹാർ മാറാൻ പോകുന്നു. ഏകദേശം 222.8 ദശലക്ഷം ടൺ സ്വർണ അയിര് സംസ്ഥാനത്ത് കണ്ടെത്തിയതായാണ് കണക്കാക്കുന്നത്. ഇതിന്റെ ഖനനത്തിനായി ബിഹാർ സർക്കാർ ഇപ്പോൾ നടപടികളിലേക്ക് കടക്കുകയാണ്.
ഈ വൻ ശേഖരം ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (GSI) നടത്തിയ പഠനത്തിലൂടെയാണ് ആദ്യം സ്ഥിരീകരിച്ചത്. 2022-ൽ തന്നെ പ്രാഥമിക റിപ്പോർട്ടുകൾ ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ വിലയിരുത്തലുകൾക്ക് ശേഷമാണ് സംസ്ഥാന സർക്കാർ ഖനനത്തിന് തയ്യാറെടുക്കുന്നത്.
ഇന്ത്യയിലെ മൊത്തം സ്വർണശേഖരത്തിന്റെ 44 ശതമാനത്തോളം ബിഹാറിലാണെന്ന് കണക്കാക്കപ്പെടുന്നു — ഇത് ഇന്ത്യയുടെ സാമ്പത്തിക ഭൂപടത്തിൽ ബിഹാറിന് പുതിയ പ്രാധാന്യം നൽകുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ജമുയി ജില്ല ബിഹാറിന്റെ ‘സ്വർണഭൂമി’
ജമുയി ജില്ലയിലെ കർമതിയ, ജാഝ, സോനോ മേഖലകളിലാണ് സ്വർണ അയിര് പ്രധാനമായും സ്ഥിതിചെയ്യുന്നത്. ഇവിടങ്ങളിലാണ് ആദ്യം ഖനനം ആരംഭിക്കാൻ പദ്ധതിയിടുന്നത്.“ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും നാഷണൽ മിനറൽ ഡവലപ്മെന്റ് കോർപ്പറേഷനും (NMDC) സഹകരിച്ചാണ് പ്രാരംഭ ഘട്ടത്തിൽ ഖനന പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. തിരിച്ചറിഞ്ഞ മേഖലകളിൽ ഉടൻ പര്യവേക്ഷണ പ്രവർത്തനങ്ങൾ നടക്കും.”- ബിഹാർ അഡീഷണൽ ചീഫ് സെക്രട്ടറി & മൈൻസ് കമ്മിഷണർ ഹർജോത് കൗർ ബംറ പറഞ്ഞു.
ടൈംസ് നൗ റിപ്പോർട്ടുകൾ പ്രകാരം, സാങ്കേതിക വിലയിരുത്തലുകൾ പൂർത്തിയാക്കി കരാറുകൾ ഒപ്പുവെച്ചതോടെ വൻതോതിലുള്ള ഖനനം ഉടൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷ.
ഇന്ത്യയിലെ സ്വർണശേഖരത്തിന്റെ ഭൂപടം
കേന്ദ്ര ഖനിമന്ത്രി പ്രഹ്ലാദ് ജോഷി നേരത്തെ പാർലമെന്റിൽ പറഞ്ഞത് അനുസരിച്ച്, ഇന്ത്യയിൽ മൊത്തം 501.83 ദശലക്ഷം ടൺ സ്വർണ അയിര് ശേഖരം നിലവിലുണ്ട്. അതിൽ പകുതിയിലധികം (222.8 ദശലക്ഷം ടൺ) ബിഹാറിലാണെന്ന് മന്ത്രിയുടെ കണക്കുകൾ സൂചിപ്പിക്കുന്നു.
കർണാടക ഇപ്പോഴും ഉത്പാദന കേന്ദ്രം
നിലവിൽ ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന സ്വർണത്തിന്റെ 99 ശതമാനവും കർണാടകയിലെ കോലാർ ഗോൾഡ് ഫീൽഡിൽ (KGF) നിന്നാണ് ലഭിക്കുന്നത്. എന്നാൽ മണ്ണിനടിയിൽ അടങ്ങിയിരിക്കുന്ന ഭാവിയിലെ സ്വർണസമ്പത്തിനെ കണക്കാക്കുമ്പോൾ, ബിഹാർ അതിന്റെ വളർച്ചാ സാധ്യതയിൽ ഇന്ത്യയിലെ മുൻനിര സംസ്ഥാനമായി ഉയർന്നിരിക്കുകയാണ്.
















