ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി കൂടുതൽ സ്ഥലങ്ങളിൽ തെളിവെടുപ്പിന് പ്രത്യേക അന്വേഷണസംഘം. ഉടൻതന്നെ ശബരിമലയിൽ ഉൾപ്പെടെ തെളിവെടുപ്പ് നടത്തിയേക്കും. ഇടപാടുമായി ബന്ധപ്പെട്ട് പോറ്റിയെ വിശദമായി ചോദ്യം ചെയ്യാനും അന്വേഷണസംഘം തീരുമാനിച്ചു. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവിനെ അന്വേഷണസംഘം ഉടൻ കസ്റ്റഡിയിൽ വാങ്ങും. ഉണ്ണികൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് എസ്ഐടിയുടെ നീക്കം.
ബംഗളൂരുവിലും ചെന്നൈയിലും എസ് ഐ ടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തെളിവെടുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്. ശബരിമലയിൽ നിന്ന് ഉണ്ണികൃഷ്ണൻ പോറ്റി കടത്തിയ സ്വർണ്ണവും സംഘം പിടിച്ചെടുത്തിരുന്നു. പോറ്റിയുടെ ബംഗളൂരുവിലെ ഫ്ലാറ്റിൽ നിന്ന് ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുത്തതോടെ സാമ്പത്തിക, ഭൂമിയിടപാടുകളിലും അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് എസ്ഐടി.
















