പുന്നപ്ര-വയലാർ വാരാചരണത്തിന് ഇന്ന് സമാപനം. വയലാർ ദിനമായ ഇന്ന് രാവിലെ വലിയ ചുടുകാട്, മേനാശ്ശേരി എന്നിവിടങ്ങളിൽ നിന്ന് ദീപശിഖാ പ്രയാണം നടക്കും. വലിയ ചുടുകാട്ടിൽ നിന്ന് മുതിർന്ന സി പി ഐ എം നേതാവ് ജി സുധാകരൻ ദീപം കൊളുത്തി അത്ലറ്റുകൾക്ക് കൈമാറും. വിഎസ് അച്യുതാനന്ദനാണ് 2019 വരെ ദീപശിഖ തെളിച്ച് കൈമാറിയിരുന്നത്. അതിനു ശേഷം ജി സുധാകരനാണ് ദീപശിഖ കൈമാറുന്നത്. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ദീപശിഖാ പ്രയാണം ഉച്ചയോടെ വയലാർ രക്തസാക്ഷി മണ്ഡപത്തിലെത്തിച്ചേരും. തുടർന്ന് പുഷ്പാർച്ചനയുണ്ടാകും.
ഉച്ചയ്ക്ക് 2 ന് വയലാർ രാമവർമ അനുസ്മരണ സാഹിത്യ സമ്മേളനം നടക്കും. വാരാചരണത്തിന് സമാപനം കുറിച്ചു കൊണ്ട് വൈകീട്ട് 5 ന് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അടക്കമുള്ള പ്രമുഖ നേതാക്കൾ പങ്കെടുക്കും.
















