വർഷങ്ങളായി പിന്തുടരുന്ന ക്ഷേത്രാചാരങ്ങളിലും, അനുഷ്ഠാനങ്ങളിലും, പൂജകളിലും മാറ്റം വരുത്താൻ ഗുരുവായൂർ ദേവസ്വം ഭരണസമിതിക്ക് അധികാരമുണ്ടെന്ന് അഡ്മിനിസ്‌ട്രേറ്റർ ഒ.ബി. അരുൺകുമാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ക്ഷേത്രത്തിലെ വൃശ്ചികമാസ ഏകാദശിയിലെ ഉദയാസ്തമയ പൂജ തുലാമാസത്തിലേക്ക് മാറ്റിയതിനെതിരായ ഹർജിയിലാണ് ദേവസ്വം ഭരണസമിതിയുടെ നിലപാട് വ്യക്തമാക്കിയത്.
ദേവസ്വം നിയമത്തിലെ 10 (ജി) വകുപ്പ് പ്രകാരം ഭക്തർക്ക് എല്ലാ സൗകര്യവും ഒരുക്കേണ്ടത് ദേവസ്വത്തിന്റെ നിയമപരമായ കടമയാണെന്നും, ഇതിന്റെ ഭാഗമായാണ് തന്ത്രിയുടെ അനുവാദത്തോടെ ഏകാദശിയിലെ ഉദയാസ്തമയ പൂജ മാറ്റിയതെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് ആചാര ലംഘനമല്ല. മാത്രമല്ല, പൂജയില്ലാതെ വൃശ്ചിക ഏകാദശി പൂർത്തിയാകില്ലെന്ന വാദം തെറ്റാണെന്നും, ഏകാദശി ദിവസം പ്രത്യേക പൂജകളൊന്നും നിലവിലില്ലെന്നും അഡ്മിനിസ്‌ട്രേറ്റർ കോടതിയെ അറിയിച്ചു.
അതുപോലെ മുൻപും ക്ഷേത്രത്തിൽ നില നിന്നിരുന്ന നിരവധി ആചാരങ്ങളിലും, അനുഷ്ഠാനങ്ങളിലും മുൻ തന്ത്രി മാറ്റം വരുത്തിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് കോടതിയിൽ പറഞ്ഞു. മുമ്പ് ധ്വജസ്തംഭത്തിന് സമീപത്ത് നടത്തിയിരുന്ന വിവാഹങ്ങൾ എണ്ണം കൂടിയതോടെ ക്ഷേത്രത്തിന് പുറത്തേക്ക് മാറ്റിയിരുന്നു. അതുപോലെ, ചോറൂൺ ചടങ്ങും ധ്വജസ്തംഭത്തിന് സമീപത്ത് നിന്ന് ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്തേക്ക് മാറ്റി. പൂജകളിലെ വ്യതിചലനം ക്ഷേത്രത്തിന്റെ ദൈവീകമായ ചൈതന്യത്തെ ബാധിക്കുമെന്ന വാദവും തെറ്റാണ് എന്നും സത്യവാങ്മൂലത്തിൽ വിശദീകരിച്ചു. ഹർജിക്ക് പിന്നിലെ പ്രധാന കാരണം കുടുംബ കലഹം ആണ്
വൃശ്ചികമാസ ഏകാദശിയിലെ ഉദയാസ്തമയ പൂജ മാറ്റിയതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത് പുഴക്കര ചേന്നാസ് മനയിലെ ചില അംഗങ്ങളാണ്. എന്നാൽ, ഈ ഹർജിക്ക് പിന്നിൽ ചേന്നാസ് മനയിലെ കുടുംബാങ്ങങ്ങൾ തമ്മിലുള്ള തർക്കമാണെന്നും അഡ്മിനിസ്‌ട്രേറ്റർ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. തന്ത്രിയോട് വ്യക്തിപരമായ ശത്രുതയുള്ള ചേന്നാസ് മനയിലെ ചിലരാണ് ഇതൊരു ആയുധമാക്കി ഉപയോഗിക്കുന്നതെന്നും ദേവസ്വം ആരോപിച്ചു. ഗുരുവായൂർ ദേവസ്വം ആക്ട് പ്രകാരം ഒന്നിലധികം തന്ത്രിമാർ പാടില്ലാത്തതിനാൽ, ഹർജിക്കാർക്ക് ‘തന്ത്രി കുടുംബം’ എന്ന വിശേഷണം പാടില്ലെന്നും, അവർക്ക് പുഴക്കര ചേന്നാസ് മനയിലെ അംഗങ്ങൾ എന്ന് മാത്രമേ പറയാൻ കഴിയുകയുള്ളൂ എന്നും അഡ്മിനിസ്‌ട്രേറ്റർ ചൂണ്ടിക്കാട്ടി. തന്ത്രിയുടെ അധികാരങ്ങളിൽ ഇടപെടാൻ ഗുരുവായൂർ ദേവസ്വത്തിന് അധികാരമില്ലെന്നും അഡ്മിനിസ്‌ട്രേറ്റർ സുപ്രീം കോടതിയെ അറിയിച്ചു.
















