വ്യാപാരത്തർക്കം അവസാനിപ്പിച്ച് യുഎസും ചൈനയും ഉടമ്പടിയിലേക്ക്. ചർച്ചകളിൽ മഞ്ഞുരുകി, പരസ്പര ധാരണയിലെത്തിയതായി ചൈനയുടെ പ്രതിനിധി ലി ചെങ്ഗാങ് ആസിയാൻ ഉച്ചകോടിക്കിടെ മാധ്യമങ്ങളോട് വ്യക്തമാക്കി. തർക്കവിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ പ്രാഥമിക ധാരണയിലെത്തിയെന്ന് ചെങ്ഗാങ് അറിയിച്ചു. ഉടമ്പടിക്ക് വഴിതുറന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രതികരിച്ചു.
സമീപഭാവിയിൽ ചൈന സന്ദർശിക്കുമെന്നു പറഞ്ഞ ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് യുഎസിൽ വാഷിങ്ടനിലോ ഫ്ലോറിഡയിലെ തന്റെ സ്വകാര്യവസതിയിലോ സന്ദർശനം നടത്തുന്നതും സ്വാഗതം ചെയ്തു.
അതേസമയം ചൈനയിൽനിന്നുള്ള ഇറക്കുമതി വസ്തുക്കൾക്ക് ട്രംപ് 100% അധികതീരുവ പ്രഖ്യാപിച്ചതിനെ തുടർന്ന് ഇരുരാഷ്ട്രങ്ങളും തമ്മിലെ വ്യാപാര ബന്ധം പാടെ ഉലഞ്ഞതോടെയാണ് അനുരഞ്ജന ചർച്ചകൾ തുടങ്ങിയത്.
















