വിദൂര ജോലിയുടെ (റിമോട്ട് വർക്ക്) ഭാവിയെക്കുറിച്ചും ജീവനക്കാരുടെ സ്വകാര്യതയെക്കുറിച്ചുമുള്ള ആശങ്കകൾ വർദ്ധിപ്പിച്ചുകൊണ്ട്, മൈക്രോസോഫ്റ്റ് ടീംസ് (Microsoft Teams) പുതിയ ലൊക്കേഷൻ-ട്രാക്കിംഗ് ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുന്നു. 2025 ഡിസംബറിൽ പുറത്തിറങ്ങാൻ സാധ്യതയുള്ള ഈ അപ്‌ഡേറ്റ്, ഓഫീസ് വൈ-ഫൈ ഉപയോഗിച്ച് ജീവനക്കാർ ജോലി ചെയ്യുന്ന സ്ഥലം സ്വയമേവ കണ്ടെത്താൻ സ്ഥാപനങ്ങൾക്ക് അവസരം നൽകും. ഹൈബ്രിഡ് രീതിയിൽ ജോലി ചെയ്യുന്ന ജീവനക്കാരെ നിരീക്ഷിക്കാൻ ഈ ഫീച്ചർ തൊഴിലുടമകളെ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
- എന്താണ് പുതിയ ഫീച്ചർ?
പുതിയ ഫീച്ചർ ഉപയോഗിച്ച്, ഒരു ഉപയോക്താവ് അവരുടെ സ്ഥാപനത്തിന്റെ വൈ-ഫൈ നെറ്റ്‌വർക്കിലേക്ക് കണക്റ്റു ചെയ്യുമ്പോൾ, ടീംസിന് അവരുടെ വർക്ക് ലൊക്കേഷൻ സ്വയമേവ അപ്‌ഡേറ്റ് ചെയ്യാൻ കഴിയും. ജീവനക്കാർ ജോലി ചെയ്യുന്ന കെട്ടിടം ഏതാണെന്ന് ഇതിലൂടെ കൃത്യമായി മനസ്സിലാക്കാൻ സാധിക്കും. മൈക്രോസോഫ്റ്റിന്റെ ഔദ്യോഗിക വിവരണം അനുസരിച്ച്, ഈ ഫീച്ചർ ഡിഫോൾട്ടായി ഓഫ് ആയിരിക്കും. അതായത്, ടെനന്റ് അഡ്മിനുകൾക്ക് ഇത് പ്രവർത്തനക്ഷമമാക്കണോ എന്ന് തീരുമാനിക്കാം. കൂടാതെ, ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ഉപയോഗിക്കണമോ എന്ന കാര്യത്തിൽ സ്വയം തിരഞ്ഞെടുപ്പ് നടത്താനുള്ള സ്വാതന്ത്ര്യവും ഉണ്ടാകും. ഈ അപ്‌ഡേറ്റ് വിൻഡോസ്, മാക്ഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാകും.
- മൈക്രോസോഫ്റ്റിന്റെ വിശദീകരണം
ആരൊക്കെ എവിടെയിരുന്നാണ് ജോലി ചെയ്യുന്നത് എന്നതിലെ ആശയക്കുഴപ്പം ഒഴിവാക്കാനാണ് ഈ ഫീച്ചർ എന്ന് മൈക്രോസോഫ്റ്റ് വിശദീകരിക്കുന്നു. ഇത് ജീവനക്കാർ തമ്മിലുള്ള ആശയവിനിമയം കൂടുതൽ സുഗമമാക്കാൻ സഹായിക്കുമെന്നാണ് കമ്പനി പറയുന്നത്. ഉയരുന്ന വിമർശനങ്ങളും ആശങ്കകളും. എന്നാൽ, വീട്ടിലിരുന്ന് ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്നവർക്ക് ഇത് ഒരു തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. വിദൂര ജോലിയുടെ ഭാവിയെക്കുറിച്ചും തൊഴിലിടങ്ങളിലെ നിരീക്ഷണം വർധിക്കുന്നതിനെക്കുറിച്ചുമുള്ള ആശങ്കകളാണ് ഈ ഫീച്ചർ ഉയർത്തിയിരിക്കുന്നത്. വിമർശകർ ഇതിനെ ഒരു നിരീക്ഷണ സംവിധാനമായിട്ടാണ് കാണുന്നത്. ജീവനക്കാരുടെ സൗകര്യങ്ങൾ പരിഗണിക്കാതെ സ്ഥാപനങ്ങളെ മാത്രം സഹായിക്കുന്ന ഒന്നാണിതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
സമൂഹ മാധ്യമങ്ങളിലും ഈ അപ്‌ഡേറ്റിനെതിരെ രൂക്ഷമായ പ്രതികരണങ്ങളുണ്ടായി. “ഇപ്പോൾ മൈക്രോസോഫ്റ്റ് ടീംസ് ഒരു അറ്റൻഡൻസ് മോണിറ്ററായി മാറുകയാണ്. ഇനി ഒരു ദിവസം അവധിയെടുത്താൽ ടീംസ് ഡോക്ടറുടെ കുറിപ്പടി ചോദിക്കുമോ?” എന്ന് ഒരു എക്‌സ് (X) ഉപയോക്താവ് ആശങ്ക പങ്കുവെച്ചു. “കൂടുതൽ സാങ്കേതികവിദ്യ, ജീവനക്കാരിലുള്ള കുറഞ്ഞ വിശ്വാസം” എന്നതിന്റെ ഉദാഹരണമാണിതെന്നും വിമർശനമുയർന്നിട്ടുണ്ട്.
ജീവനക്കാരുടെ സ്വകാര്യതയും തൊഴിലുടമകളുടെ നിരീക്ഷണ താൽപ്പര്യങ്ങളും തമ്മിലുള്ള തർക്കം ഹൈബ്രിഡ് തൊഴിൽ ലോകത്ത് തുടരുമെന്നതിന്റെ സൂചനയാണ് മൈക്രോസോഫ്റ്റിന്റെ ഈ പുതിയ അപ്‌ഡേറ്റ് നൽകുന്നത്.
















