നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനും ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി.യുമായ ബൈജു പൗലോസിന് പൊലീസ് ജീപ്പ് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റു. തൃശൂർ കുട്ടനെല്ലൂരിൽ വെച്ച് ദേശീയപാതയോട് ചേർന്നാണ് അപകടമുണ്ടായത്. ഡിവൈ.എസ്.പി.യുടെ വലത് കൈക്ക് ഒടിവുണ്ട്. അദ്ദേഹത്തെ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൂടാതെ ദേഹമാസകലം പരുക്കുകളുണ്ട്. ജീപ്പ് ഓടിച്ചിരുന്ന ക്രൈംബ്രാഞ്ച് ഡ്രൈവർ പത്മകുമാറിനും പരുക്കേറ്റിട്ടുണ്ട്. ജീപ്പിന്റെ മുൻവശത്തെ ചില്ല് പൂർണ്ണമായും തകരുകയും വാഹനത്തിന് വലിയ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
അപകടസ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാരാണ് വാഹനത്തിൽനിന്ന് ഡിവൈ.എസ്.പി.യേയും ഡ്രൈവറെയും ഏറെ കഷ്ടപ്പെട്ട് പുറത്തെടുത്തത്. ഉടൻ തന്നെ ഇവരെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയ ശേഷമാണ് ഒല്ലൂർ പൊലീസ് സ്ഥലത്തെത്തിയത്.
ഇന്ന് എറണാകുളത്തുനിന്ന് തൃശൂർ പൊലീസ് അക്കാദമിയിലേക്ക് കോഴ്സിൽ പങ്കെടുക്കാൻ പോവുകയായിരുന്നു ഡിവൈ.എസ്.പി. ബൈജു പൗലോസ്. തൃശൂരിൽനിന്ന് മണ്ണുത്തിയിലേക്ക് പോകുന്ന പ്രധാന ഹൈവേയോട് ചേർന്നുള്ള കുട്ടനെല്ലൂർ മേൽപ്പാലം കഴിഞ്ഞിറങ്ങുന്ന ഭാഗത്താണ് അപകടം നടന്നത്.
അപകടം നടക്കുന്ന സമയത്ത് പ്രദേശത്ത് കനത്ത മഴയായിരുന്നു. കനത്ത മഴയിൽ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് ഹൈവേയിൽ നിന്ന് തെന്നിമാറി റോഡരികിലെ പൊന്തക്കാട് കടന്ന് വലിയ കാനയിലേക്ക് പതിക്കുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് പൂർണ്ണമായും കാനയിൽ പതിച്ച നിലയിലായിരുന്നു.
















