ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിനിടെ വാരിയെല്ലിനേറ്റ പരിക്കിനെ തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രേയസ് അയ്യരെ സിഡ്‌നിയിലെ ആശുപത്രിയിൽ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. അലക്‌സ് കാരിയുടെ ക്യാച്ചെടുക്കുന്നതിനിടെ പിന്നോട്ട് ഓടി വീണപ്പോഴാണ് താരത്തിന് ഇടത് വാരിയെല്ലിന് പരിക്കേറ്റത്. കളിക്ക് ശേഷം ഡ്രസ്സിങ് റൂമിൽ തിരിച്ചെത്തിയ ഉടൻ തന്നെ കടുത്ത അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.
പരിശോധനാ ഫലങ്ങൾ വന്നപ്പോൾ വാരിയെല്ലിനുള്ളിൽ ആന്തരിക രക്തസ്രാവം കണ്ടെത്തിയതിനെ തുടർന്ന് അയ്യരെ ഉടൻ ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നുവെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. രക്തസ്രാവം കാരണം അണുബാധ പടരുന്നത് തടയേണ്ടതിനാൽ, സുഖം പ്രാപിക്കുന്നതിനനുസരിച്ച് രണ്ടോ ഏഴോ ദിവസത്തേക്ക് നിരീക്ഷണത്തിൽ തുടരും. ടീം ഡോക്ടറും ഫിസിയോയും ഉടൻ പ്രതികരിച്ചതിനാൽ വലിയ അപകടം ഒഴിവായി. നിലവിൽ സ്ഥിതി സ്ഥിരമാണ്, എന്നാൽ പരിക്ക് മരണകാരണമായേക്കാവുന്നത്ര ഗുരുതരമായിരുന്നുവെന്നും പിടിഐയോട് പറഞ്ഞു.
തുടക്കത്തിൽ മൂന്നാഴ്ചത്തെ വിശ്രമമാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും, ആന്തരിക രക്തസ്രാവം ഉള്ളതിനാൽ കളിക്കളത്തിലേക്ക് മടങ്ങിവരാൻ കൂടുതൽ സമയമെടുക്കും. അദ്ദേഹത്തിന്റെ തിരിച്ചുവരവിന് കൃത്യമായ സമയപരിധി പറയാൻ നിലവിൽ സാധ്യമല്ലെന്നും ഉറവിടം കൂട്ടിച്ചേർത്തു. അടുത്തിടെ ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട അയ്യർക്ക്, ഓസ്‌ട്രേലിയൻ പര്യടനത്തിൽ ഇന്ത്യ 1-2ന് പരമ്പര തോറ്റെങ്കിലും, രണ്ടാം ഏകദിനത്തിൽ മികച്ച അർദ്ധ സെഞ്ചുറി നേടിയിരുന്നു.
കഴിഞ്ഞ ഒരു വർഷമായി തുടർച്ചയായ പരിക്കുകൾ ശ്രേയസ് അയ്യരുടെ കരിയറിന് തടസ്സമുണ്ടാക്കുന്നുണ്ട്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കിടെ പുറംവേദന കാരണം പിന്മാറേണ്ടി വന്നിരുന്നു. നടുവേദനയ്ക്ക് നേരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനായ താരം, ജോലിഭാരം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആറുമാസത്തെ റെഡ്-ബോൾ ക്രിക്കറ്റിൽ നിന്ന് അവധി എടുക്കാൻ ബിസിസിഐയോട് അഭ്യർത്ഥിച്ചിരുന്നു. ഈ വിവാദങ്ങളെ തുടർന്ന് താരത്തിന് ബിസിസിഐയുടെ സെൻട്രൽ കോൺട്രാക്‌ട് നഷ്ടമായിരുന്നു. മാസങ്ങളുടെ പുനരധിവാസത്തിന് ശേഷമാണ് അദ്ദേഹം വീണ്ടും ഇന്ത്യൻ ഏകദിന ടീമിൽ ഇടം നേടിയത്.
















