ഇന്ന് ഉച്ചക്ക് ആലപ്പുഴയിൽ വെച്ച് പി.എം. ശ്രീയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന തർക്കങ്ങൾ പരിഹരിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ നേതൃത്വം ചർച്ച നടത്തും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മുഖ്യമന്ത്രി ആലപ്പുഴയിലേക്ക് പുറപ്പെട്ടു. ഈ ചർച്ചയിലൂടെ പ്രശ്നങ്ങൾ എല്ലാം പരിഹരിക്കാൻ സാധിക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ കരുതുന്നത്. ആലപ്പുഴയിൽ നേരത്തെ തന്നെ അടിയന്തര സെക്രട്ടറിയേറ്റ് യോഗം ചേർന്നിരുന്നു. യോഗത്തിന് ശേഷം പുറത്തിറങ്ങിയ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് മുഖ്യമന്ത്രിയുമായി ഉച്ചയ്ക്ക് ചർച്ച ഉണ്ടാകുമെന്ന കാര്യം സ്ഥിരീകരിച്ചത്. പുന്നപ്ര-വയലാർ രക്തസാക്ഷി ദിനവുമായി ബന്ധപ്പെട്ട പരിപാടികൾക്കായി ആണ് മുഖ്യമന്ത്രി ആലപ്പുഴയിൽ എത്തുന്നത്.
സിപിഐ നേതാക്കളും മുഖ്യമന്ത്രിയും തമ്മിൽ ആലപ്പുഴയിലെ ഗസ്റ്റ് ഹൗസിൽ വെച്ചായിരിക്കും ചർച്ച നടക്കുക എന്നാണ് അനുമാനം. പി.എം. ശ്രീ പദ്ധതിയുമായി മുന്നോട്ടു പോകാൻ അനുവദിക്കുകയില്ല എന്ന നിലപാടിൽ സിപിഐ ഉറച്ചുനിൽക്കുകയാണ്. ഈ സാഹചര്യത്തിൽ, ഇവരുവരും തമ്മിലുള്ള ചർച്ചയിൽ ഏത് തരത്തിലുള്ള അനുനയ നീക്കമായിരിക്കും സംഭവിക്കുക എന്നതാണ് അറിയേണ്ടത്.
മുഖ്യമന്ത്രിയുമായിട്ടുള്ള ചർച്ചയ്ക്ക് ശേഷം സിപിഐ എക്സിക്യൂട്ടീവ് യോഗം ചേരും. യോഗത്തിന് ശേഷം ഇത് സംബന്ധിച്ച് മാധ്യമങ്ങളെ കാണാമെന്ന് ബിനോയ് വിശ്വം അറിയിച്ചിട്ടുണ്ട്.
















