പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ അനുനയ നീക്കവുമായി മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് രംഗത്ത്. സി.പി.ഐയുടെ നിർണായക നിർവാഹക സമിതി യോഗം ആലപ്പുഴയിൽ ആരംഭിച്ചതിന് പിന്നാലെയാണ് പ്രതിസന്ധി പരിഹരിക്കാൻ മുഖ്യമന്ത്രി ഇടപെട്ടത്. ഉച്ചയ്ക്ക് ശേഷം 3.30ന് ആലപ്പുഴയിൽ വെച്ച് മുഖ്യമന്ത്രി ബിനോയ് വിശ്വവുമായി കൂടിക്കാഴ്ച നടത്തും.
പദ്ധതിയുടെ നടപടിക്രമങ്ങൾ വൈകിപ്പിക്കുമെന്നും തുടർ തീരുമാനങ്ങൾ ചർച്ചകൾക്കുശേഷം മാത്രമേ എടുക്കൂ എന്നും മുഖ്യമന്ത്രി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ അറിയിച്ചു.
സി.പി.എം. സെക്രട്ടേറിയറ്റ് യോഗത്തിൽ വെച്ച് സി.പി.ഐയെ കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നും ധാരണയിലെത്തുമെന്നും മുഖ്യമന്ത്രി വിശദീകരണം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സെക്രട്ടേറിയറ്റ് യോഗത്തിനിടെ മുഖ്യമന്ത്രി ബിനോയ് വിശ്വത്തെ വീണ്ടും വിളിച്ച് ഉറപ്പുകൾ നൽകിയത്.
















