കേന്ദ്രസർക്കാർ ‘ബ്ലഡ് ഓൺ കോൾ’ എന്ന പേരിൽ രക്തം എത്തിക്കുന്ന സേവനം ആരംഭിച്ചതായി സോഷ്യൽ മീഡിയയിൽ ഒരു പ്രചാരണം ഇപ്പോൾ വൈറലാണ്. 104 എന്ന ടോൾ ഫ്രീ നമ്പരിൽ ബന്ധപ്പെട്ടാൽ നാല് മണിക്കൂറിനകം ആവശ്യമുള്ള സ്ഥലത്ത് രക്തം എത്തിക്കുമെന്നാണ് പോസ്റ്റിൽ പറയുന്നത്. 24 മണിക്കൂറും ലഭ്യമാകുന്ന ഈ സേവനത്തിനായി ഡെലിവറി ചാർജ് അടക്കം 550 രൂപയാണ് ഈടാക്കുന്നതെന്നും പോസ്റ്റിൽ വിവരിക്കുന്നു.
“സർക്കാരിന്റെ പുതിയ പദ്ധതി… ഇന്ന് മുതൽ, ‘104’ ഇന്ത്യയുടെ രക്ത ആവശ്യകതയ്ക്കുള്ള പ്രത്യേക നമ്പറായി മാറുന്നു. ‘Blood_On_Call’ എന്നാണ് സേവനത്തിന്റെ പേര്. ഈ നമ്പറിൽ വിളിച്ചാൽ, 40 കിലോമീറ്റർ ചുറ്റളവിൽ 4 മണിക്കൂറിനുള്ളിൽ രക്തം എത്തിക്കും. നിരക്കുകൾ: ഒരു കുപ്പിക്ക് 450 രൂപയും ഗതാഗതത്തിന് 100 രൂപയും. ദയവായി ഈ സന്ദേശം നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഗ്രൂപ്പുകൾക്കും കൈമാറുക. ഈ സൗകര്യം വഴി നിരവധി ജീവൻ രക്ഷിക്കാൻ കഴിയും. ” എന്നുള്ള ഫേസ്ബുക്ക് പോസ്റ്റിൽ കാണാം.
അന്വേഷണം
ഒരു അത്യാവശ്യ സേവനം എന്ന നിലയിൽ ഫോൺ കോളിലൂടെ രക്തം ലഭ്യമാക്കുന്ന സേവനം സർക്കാർ ആരംഭിച്ചാൽ അത് വാർത്തയാകേണ്ടതാണ്. അതിനാൽ ‘ബ്ലഡ് ഓൺ കോൾ’ സേവനത്തെപ്പറ്റിയുള്ള റിപ്പോർട്ടുകളാണ് ഞങ്ങൾ ആദ്യം പരിശോധിച്ചത്. എന്നാൽ ഇതു സംബന്ധിച്ച റിപ്പോർട്ടുകളൊന്നും ലഭ്യമായില്ല. ആരോഗ്യ മന്ത്രാലയത്തിന്റെയോ നാഷണൽ ഹെൽത്ത് മിഷന്റെയോ വെബ്‌സൈറ്റുകളിലും ഇതുസംബന്ധിച്ച വിവരങ്ങളില്ല.
വിശദമായ പരിശോധനയിൽ ഇത്തരമൊരു സേവനം കേന്ദ്ര സർക്കാർ നൽകുന്നില്ലെന്നും വൈറൽ പോസ്റ്റുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വ്യക്തമാക്കി പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) പങ്കുവച്ച വിശദീകരണം ലഭ്യമായി. ഇത് ചുവടെ കാണാം.
‘ബ്ലഡ് ഓൺ കോൾ’ (ജീവൻ അമൃത് സേവ) എന്ന പേരിൽ 2014ൽ മഹാരാഷ്ട്ര സർക്കാർ ഒരു പദ്ധതി ആരംഭിച്ചിരുന്നു. രക്തം ആവശ്യം ഉള്ളവർ 104 എന്ന നമ്പറിൽ വിളിച്ചാൽ നിശ്ചിത സമയത്തിനകം ഏറ്റവും അടുത്ത ജില്ലാ ബ്ലഡ് ബാങ്കിൽ നിന്ന് രക്തം എത്തിക്കുന്ന രീതിയിലാണ് ഈ സർവീസ് ആരംഭിച്ചത്. സർക്കാർ, പ്രൈവറ്റ് ആശുപത്രികളെ ബന്ധിപ്പിച്ചാണ് ഈ സേവനം നടത്തിയിരുന്നത്. എന്നാൽ സാമ്പത്തിക പ്രശ്‌നങ്ങളെ തുടർന്ന് 2022ൽ ഈ സേവനം മഹാരാഷ്ട്ര സർക്കാർ നിർത്തലാക്കിയിരുന്നു. 2022 ഏപ്രിൽ 1 മുതൽ പദ്ധതി നിർത്തലാക്കിയെന്നുള്ള റിപ്പോർട്ട് ടൈംസ് ഓഫ് ഇന്ത്യ നൽകിയിട്ടുണ്ട്.
ലഭ്യമായ വിവരങ്ങളിൽ നിന്ന് ‘ബ്ലഡ് ഓൺ കോൾ’ എന്ന പേരിൽ രക്തം വിതരണം ചെയ്യുന്ന സേവനം കേന്ദ്ര സർക്കാർ ആരംഭിച്ചിട്ടില്ലെന്നും 104 എന്ന ടോൾഫ്രീ നമ്പർ വിവിധ ആരോഗ്യ സേവനത്തിനായി സംസ്ഥാനങ്ങൾ ഉപയോഗിച്ച് വരുന്നതാണെന്നും വ്യക്തമായി.
















