രാജ്യത്തെ ആദ്യ ഡിസൈന്‍ മൃഗശാലയായ തൃശൂര്‍, പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സുവോളജിക്കല്‍ പാര്‍ക്ക്,കേരളത്തിലെ ആദ്യത്തെ സുവോളജിക്കല്‍ പാര്‍ക്ക് എന്നീ പ്രത്യേകതകളുമുണ്ട്. കിഫ്ബി അനുവദിച്ച 331 കോടി രൂപയും പ്ലാന്‍ ഫണ്ടിലെ 40 കോടി രൂപയും ചേര്‍ത്ത് 337 കോടി രൂപ ഉപയോഗിച്ചാണ് അതിവേഗം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇതിനു പുറമെ 17 കോടി കൂടി കിഫ്ബി അനുവദിച്ചിട്ടുണ്ട്.
336 ഏക്കറിൽ 80 ഇനങ്ങളിലായി 534 ജീവികളെ പാർപ്പിക്കാനാവുന്ന സൗകര്യത്തോടെയാണ് പാർക്ക് ഒരുക്കിയത്. മൃഗങ്ങൾക്ക് സ്വകാര്യമായി വിരഹിക്കാവുന്ന ആവാസവ്യവസ്ഥയുള്ള 23 ആവാസയിടങ്ങൾ മൃഗശാലയിലുണ്ട്. തൃശൂർ മൃഗശാലയിലെ 439 ജീവികളെ ഇവിടേക്ക് മാറ്റും. പുത്തൂർ സുവോളജിക്കൽ പാര്‍ക്കിലേക്ക് ആദ്യമായെത്തിയത് നെയ്യാറില്‍ നിന്നുള്ള 13 വയസുള്ള വൈഗ എന്ന കടുവയാണ്. സന്ദർശകർക്ക് മൃഗങ്ങളെ ഓമനിക്കാന്‍ കഴിയുന്ന തരത്തില്‍ ഒരു പെറ്റ് സൂ, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയുള്ള വെർച്വൽ സൂ എന്നിവ ഒരുക്കിട്ടുണ്ട്.
സന്ദർശകർക്കായി പാർക്കിൽ കെ.എസ്.ആര്‍.ടി.സി ഡബിൾ ഡക്കർ ബസ് സർവീസ് ഒരുക്കിയിട്ടുണ്ട്. 6.5 കിലോമീറ്റർ ചുറ്റളവുള്ള പാർക്കിൽ നടന്ന് കാണുക എന്നത് ബുദ്ധിമുട്ടുള്ളവർക്കായിക്കൂടിയാണ് ബസ് സേവനങ്ങൾ ഒരുക്കുന്നത്. ടിക്കറ്റ് കൗണ്ടറിനടുത്ത് നിന്ന് ആരംഭിക്കുന്ന ബസ് പാർക്കിനകത്തു കൂടി യാത്ര ചെയ്യും. പാർക്കിനകത്തെ പ്രത്യേക പോയിന്റുകളിൽ ആളുകൾക്ക് ബസ്സിൽനിന്ന് ഇറങ്ങാനും കയറാനുമുള്ള സൗകര്യം ഉണ്ടാകും. ഇതുവഴി ഒരു തവണ ബസ് ടിക്കറ്റ് എടുക്കുന്ന ഒരാൾക്ക് ബസ്സിൽ കയറി ഓരോ പോയിന്റുകളിൽ ഇറങ്ങി കാഴ്ചകൾ ആസ്വദിച്ച് അതേ ടിക്കറ്റ് ഉപയോഗിച്ച് അടുത്ത പോയിന്റിലേക്കും അങ്ങനെ സൂവോളജിക്കൽ പാർക്ക് മുഴുവനായും ആസ്വദിക്കാനാകും.
സർവീസ് റോഡ് , സന്ദർശക പാത ,കംഫർട്ട് സ്റ്റേഷനുകൾ, ട്രാം സ്റ്റേഷനുകൾ, ജലസംരക്ഷണ പ്ലാന്റ്, മൃഗശാല ആശുപത്രി, ഐസൊലേഷൻ, ക്വാറന്റൈൻ സെന്ററുകൾ തുടങ്ങി എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയാണ് പാർക്ക് സന്ദർശകർക്കായി തുറക്കുന്നത്. മൃഗശാലയ്ക്കു പകരം പക്ഷി മൃഗാദികളുടെ തനത് ആവാസ വ്യവസ്ഥ പുനഃസൃഷ്ടിക്കുകയാണ് ഇവിടെ. ഷോലവനവും സൈലന്റ് വാലിയും മധ്യപ്രദേശിലെ കന്‍ഹയും ആഫ്രിക്കയിലെ സുളു ജൈവവൈവിധ്യ മാതൃകകളും പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ കാണാം. ഓരോ മേഖലയ്ക്കും അനുയോജ്യമായ സസ്യജാലങ്ങളാണ് ഇവിടെ നട്ടു പിടിപ്പിച്ചത്. സൈലന്റ് വാലിയിലെ നിത്യഹരിതവന സമാനതയും ചീവീടുകളില്ലാത്ത നിശബ്ദ താഴ്വരയും ഒരുക്കി. സിംഹവാലന്‍ കുരങ്ങുകള്‍ക്കും കരിങ്കുരങ്ങുകള്‍ക്കും സൈലന്റ് വാലിക്ക് സമാനമായ സ്വാഭാവിക ആവാസ വ്യവസ്ഥ ഒരുക്കി.
Story Highlights : 336-acres-the-countrys-first-designer-zoo-puthur-zoological-park
















