പെരുമ്പാവൂരിൽ 14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ മാതാവിന്റെ ആൺ സുഹൃത്തിനെ അറസ്റ്റ് ചെയ്ത് പൊലീസ്. പശ്ചിമബംഗാൾ സ്വദേശി ഹിനാഫുൾ ഹക്ക് മൊല്ലയാണ് പെരുമ്പാവൂർ പോലീസിൻ്റെ പിടിയിലായത്. പെൺകുട്ടി മാതാവുമൊത്ത് താമസിക്കുന്ന വളയൻചിറങ്ങരയിലെ വീട്ടിൽ വച്ചായിരുന്നു സംഭവം.
കൂലിപ്പണിക്കാരനായ പ്രതി ജോലിയില്ലാത്ത ദിവസങ്ങളിൽ പെൺകുട്ടി മാത്രം വീട്ടിലുള്ള സമയത്താണ് അതിക്രമം നടത്തിയിരുന്നത്. കുട്ടിയുടെ മാതാവിന് പ്ലൈവുഡ് കമ്പനിയിലാണ് ജോലി. കുട്ടിയുടെ ശാരീരിക അവസ്ഥകളിൽ സംശയം തോന്നി മാതാവ് പരിശോധിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് കാര്യം വ്യക്തമായത്. തുടർന്ന് പെരുമ്പാവൂർ പോലീസിൽ പരാതി നൽകുകയായിരുന്നു.
പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. തുടർന്ന് നടത്തിയ വൈദ്യ പരിശോധനയിൽ പീഡനവിവരം സത്യമാണെന്ന് തെളിയുകയും ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പെരുമ്പാവൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതി നിലവിൽ റിമാൻഡിലാണ്.
















