തീവ്രമായ നിലപാടുകളും പ്രസ്താവനകളും കൊണ്ട് പലപ്പോഴും വിവാദങ്ങളിൽ നിറയാറുള്ള ബിജെപി എംപിയും അഭിനേത്രിയുമായ കങ്കണ റണൗട്ട്, 2020-ലെ തന്റെ ഒരു വിവാദ ട്വീറ്റിന്റെ പേരിൽ മാപ്പ് അപേക്ഷിച്ചിരിക്കുകയാണ്. കർഷക സമരത്തിൽ പങ്കെടുത്ത വയോധികയായ മൊഹീന്ദർ കൗറിനെ, പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സമരം നടത്തിയ ഷഹീൻ ബാഗ് ദാദിയായി തന്നെ ചിത്രീകരിച്ചുവെന്നും 100 രൂപയ്ക്ക് ഇവരെ സമരം നടത്താൻ ലഭിക്കുമെന്ന ട്വീറ്റ് പങ്കുവെച്ചുവെന്നും ആരോപിച്ചാണ് മൊഹീന്ദർ കൗർ കങ്കണയ്‌ക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുത്തത്. ഭട്ടിൻഡ കോടതിയിൽ ഹാജരായ വേളയിലാണ് കങ്കണ മാധ്യമപ്രവർത്തകരോട് ഖേദം പ്രകടിപ്പിച്ചത്.
ഭട്ടിൻഡയിലെത്തിയ തനിക്ക് ലഭിച്ച വലിയ സ്വീകാര്യതയിൽ സന്തോഷമുണ്ടെന്ന് പറഞ്ഞ കങ്കണ, താനൊരു ‘റീട്വീറ്റ്’ മാത്രമാണ് ചെയ്തതെന്നും പോസ്റ്റ് താൻ നിർമ്മിച്ചതല്ലെന്നും കോടതിയിൽ വ്യക്തമാക്കി.
ഈ വിഷയത്തിൽ വലിയ വിവാദമുണ്ടാകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ലെന്നും മൊഹീന്ദർ കൗറിനോടും അവരുടെ ഭർത്താവിനോടും തെറ്റിദ്ധാരണയെക്കുറിച്ച് സന്ദേശം അയച്ചിരുന്നെന്നും കങ്കണ കൂട്ടിച്ചേർത്തു. തെറ്റ് സമ്മതിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, താൻ സ്വന്തമായി ഒന്നും ചേർത്തിട്ടില്ലെന്നും രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ നടക്കുന്ന സമയത്ത് പൊതുവായി പങ്കുവെച്ച ഒരു ട്വീറ്റിനോട് ആരോ പ്രതികരിച്ചതിനെ തുടർന്നാണ് വിവാദമുണ്ടായതെന്നും അവർ മറുപടി നൽകി. തെറ്റിദ്ധാരണയുണ്ടായതിൽ ഖേദമുണ്ടെന്നും മൊഹീന്ദറിനോടും ഭർത്താവിനോടും ഇത് സംസാരിച്ചെന്നും കങ്കണ ആവർത്തിച്ചു.
നേരത്തെ, തനിക്കെതിരെയുള്ള മാനനഷ്ടക്കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് കങ്കണ സുപ്രീം കോടതിയെ സമീപിച്ചിരുന്നുവെങ്കിലും സാധാരണമായ ഒരു ട്വീറ്റല്ല പങ്കുവെച്ചതെന്നും പ്രശ്നങ്ങൾ സങ്കീർണ്ണമാക്കുകയാണ് ചെയ്തതെന്നും ചൂണ്ടിക്കാട്ടി കോടതി ആവശ്യം തള്ളിയിരുന്നു. കോടതിയിൽ ഹാജരാകാനുള്ള ഉത്തരവ് ലഭിച്ചതിനെ തുടർന്നാണ് കങ്കണ എത്തിയതെന്നും ജാമ്യം എടുക്കുന്നതിനും ജാമ്യ ബോണ്ട് സമർപ്പിക്കുന്നതിനും വേണ്ടിയായിരുന്നു അതെന്നും മൊഹീന്ദറിന് വേണ്ടി ഹാജരായ അഭിഭാഷകൻ അഡ്വക്കേറ്റ് രഘുബീർ സിംഗ് ബേനിവാൾ അറിയിച്ചു. കോടതിക്കുള്ളിൽ വെച്ച് ഇതൊരു തെറ്റിദ്ധാരണയുടെ പുറത്ത് സംഭവിച്ചതാണെന്നും അതിനാൽ പരാതിക്കാരിയോട് മാപ്പ് പറയാൻ ആഗ്രഹിക്കുന്നുവെന്നും കങ്കണ പറഞ്ഞു.
എന്നാൽ, മൊഹീന്ദറിന് സുഖമില്ലാത്തതിനാൽ അവരുടെ ഭർത്താവാണ് കോടതിയിൽ ഹാജരായത്. ഇത് തങ്ങളെ മാത്രം ബാധിക്കുന്ന വിഷയമല്ലെന്നും കർഷകരെക്കൂടി ബാധിക്കുന്ന വിഷയമാണെന്നും അതിനാൽ തനിക്ക് ഒറ്റയ്ക്ക് തീരുമാനമെടുക്കാൻ കഴിയില്ലെന്നും കിസാൻ യൂണിയനുകളുമായും മറ്റുള്ളവരുമായും വിഷയം ചർച്ച ചെയ്ത ശേഷം മറുപടി നൽകാമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
“താൻ വർഷങ്ങളായി കാർഷികവൃത്തിയിൽ ഏർപ്പെടുന്ന വ്യക്തിയാണെന്നും മറ്റൊരു തൊഴിലും ചെയ്യാറില്ലെന്നും മൊഹീന്ദർ കൗർ വ്യക്തമാക്കിയിരുന്നു. “ആരാണ് കങ്കണ, എന്നെ മോശക്കാരിയാക്കാൻ അവർ ആരാണ്. അവർ ഒരിക്കലും എന്റെ വീട് സന്ദർശിച്ചിട്ടില്ല. ഞാൻ എന്താണ് ചെയ്യുന്നതെന്ന് അവർക്കറിയില്ല. ഞാൻ എന്റെ മകനൊപ്പം താമസിക്കുന്നു. എന്റെ അരിവാൾ ഉപയോഗിച്ച് വിളവെടുക്കുന്നു. ഞാൻ ഇപ്പോഴും പഞ്ഞി കൃഷി ചെയ്യുന്നു. എന്റെ കുടുംബത്തിന് വേണ്ടി പച്ചക്കറികൾ നടുകയും അവയെ പരിപാലിക്കുകയും ചെയ്യുന്നു,” സംഭവത്തിൽ മൊഹീന്ദർ കൗർ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.
















