ഒറ്റ തന്തയ്ക്ക് പിറന്നവനെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രയോഗത്തിനെതിരെ വി. ശിവന്‍കുട്ടി. ഫ്യൂഡല്‍ പ്രയോഗമാണിതെന്നും അറിവില്ലായ്മയെ കൂടിയാണ് തുറന്നുകാട്ടുന്നതെന്നും ശിവന്‍കുട്ടി വ്യക്തമാക്കി. ഫെയ്സ്ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
താന്‍ പറഞ്ഞ വാക്ക് പാലിക്കുന്നവനാണെന്ന് ചൂണ്ടിക്കാട്ടാനായി ഒറ്റ തന്തയ്ക്ക് പിറന്നവനാണെന്ന് സുരേഷ് ഗോപി ആവര്‍ത്തിക്കുന്നതിനിടയിലാണ് ശിവന്‍കുട്ടിയുടെ പ്രതികരണം. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ എംയിസ് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട പ്രസ്താവനയില്‍ സുരേഷ് ഗോപി ‘ഒറ്റ തന്ത’ പ്രയോഗം നടത്തിയിരുന്നു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം…
നമ്മുടെ പൊതുമണ്ഡലത്തില്‍, പ്രത്യേകിച്ച് രാഷ്ട്രീയ വാദപ്രതിവാദങ്ങള്‍ക്കിടയിലും വ്യക്തിപരമായ തര്‍ക്കങ്ങളിലും, ‘ഒറ്റ തന്തയ്ക്ക് പിറന്നവന്’ എന്ന പ്രയോഗം ഒരു വെല്ലുവിളിയായോ അധിക്ഷേപമായോ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെടാറുണ്ട്. ഈ പ്രയോഗം പേറുന്ന അര്‍ത്ഥതലം അങ്ങേയറ്റം സ്ത്രീവിരുദ്ധവും അബദ്ധജടിലവും കാലഹരണപ്പെട്ടതുമാണ്.
















