കിഴക്കൻ തീരത്തെ ആശങ്കയിലാഴ്ത്തി മോന്ത ചുഴലിക്കാറ്റ് ആന്ധ്രാ തീരത്തേക്ക് അടുക്കുകയാണ്. മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വൈദ്യുതി തടസ്സങ്ങൾ, മരം കടപുഴകൽ, വാർത്താവിനിമയ ബന്ധങ്ങൾ തകരൽ എന്നിവയ്ക്ക് സാധ്യതയുണ്ട്. മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിൽ കാക്കിനടയ്ക്ക് സമീപം ഇന്ന് രാത്രിയോടെ ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ആന്ധ്രാപ്രദേശ്, ഒഡീഷ, വടക്കൻ തമിഴ്‌നാട് എന്നിവിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് കാരണമാകും.
മോന്ത ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ കാക്കിനടയ്ക്ക് സമീപം കരയിൽ പ്രവേശിക്കുമെന്നും 90–100 കിലോമീറ്റർ വേഗതയിലും ചിലപ്പോൾ 110 കിലോമീറ്റർ വരെയും കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും IMD അറിയിച്ചു. ശ്രീകാകുളം, വിജയനഗരം, വിശാഖപട്ടണം, ഈസ്റ്റ് ഗോദാവരി, എലൂരു, വെസ്റ്റ് ഗോദാവരി തുടങ്ങിയ ആന്ധ്രാ തീരദേശ ജില്ലകളിൽ അതിശക്തമായ മഴക്കാണ് സാധ്യത. ജീവാപായം ഉണ്ടാകാതിരിക്കാനും നാശനഷ്ടങ്ങൾ കുറയ്ക്കാനും മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. തീരദേശവാസികളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിക്കുന്നുണ്ട്. 787-ഓളം ഗർഭിണികളെ മുൻകരുതലിന്റെ ഭാഗമായി ആശുപത്രികളിലേക്ക് മാറ്റി.
രക്ഷാപ്രവർത്തനങ്ങൾക്കായി 11 ദേശീയ ദുരന്ത നിവാരണ സേനാ (NDRF) ടീമുകളും 12 സംസ്ഥാന ദുരന്ത നിവാരണ സേനാ (SDRF) ടീമുകളും ആന്ധ്രാപ്രദേശിൽ സജ്ജമാണ്. കൂടാതെ, 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളും അടിയന്തര ആംബുലൻസ് ശൃംഖലകളും പ്രവർത്തനക്ഷമമാക്കി. ശക്തമായ കാറ്റിൽ വൈദ്യുതി തൂണുകളും വാർത്താവിനിമയ ശൃംഖലകളും തകരാറിലായേക്കാം എന്ന മുന്നറിയിപ്പിനെ തുടർന്ന്, വൈദ്യുതി, പൊതുമരാമത്ത് വകുപ്പുകളുടെ പുനഃസ്ഥാപന ടീമുകൾ അപകടസാധ്യതയുള്ള മേഖലകളിൽ സജ്ജമായിട്ടുണ്ട്.
ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശിൽ കരയിൽ പ്രവേശിക്കുമെങ്കിലും ഒഡീഷയിലെ എട്ട് തെക്കൻ ജില്ലകളിലും കനത്ത സ്വാധീനം പ്രതീക്ഷിക്കുന്നു.
3,000-ത്തോളം പേരെ ഒഡീഷയിൽ നിന്ന് മാറ്റിപ്പാർപ്പിച്ചു. 1,445 ദുരിതാശ്വാസ ഷെൽട്ടറുകൾ തുറക്കുകയും 140 രക്ഷാപ്രവർത്തന ടീമുകളെ വിന്യസിക്കുകയും ചെയ്തു. ഒമ്പത് ജില്ലകളിലെ സ്കൂളുകൾക്കും അങ്കണവാടികൾക്കും ഒക്ടോബർ 30 വരെ അവധി പ്രഖ്യാപിച്ചു. വടക്കൻ തമിഴ്‌നാട്ടിൽ, ചെന്നൈ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ തിങ്കളാഴ്ച കനത്ത മഴ രേഖപ്പെടുത്തി. തിരുവള്ളൂർ, ചെന്നൈ കളക്ടർമാർ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.
കാഴ്ചക്കുറവും കനത്ത മഴയും കാരണം വിശാഖപട്ടണം വഴിയുള്ള 43 ട്രെയിനുകളും നിരവധി വിമാന സർവീസുകളും റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്. വിജയവാഡ എയർപോർട്ടിൽ നിന്നുള്ള സർവീസുകളും നിർത്തിവച്ചു. ഒഡീഷയിലെ വിനോദസഞ്ചാര മേഖലയെയും ചുഴലിക്കാറ്റ് സാരമായി ബാധിച്ചു. തീരപ്രദേശങ്ങളിൽ 2 മുതൽ 4.7 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. താഴ്ന്ന തീരപ്രദേശങ്ങളിൽ ഏകദേശം ഒരു മീറ്റർ വരെ ഉയരത്തിൽ കടൽക്ഷോഭവും ഉണ്ടാകാൻ സാധ്യതയുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി നായിഡുവുമായി സംസാരിച്ച് എല്ലാ കേന്ദ്ര സഹായവും ഉറപ്പ് നൽകി. ജനങ്ങൾ വീടിനുള്ളിൽ തുടരാനും ഔദ്യോഗിക നിർദ്ദേശങ്ങൾ പാലിക്കാനും അധികൃതർ അഭ്യർത്ഥിച്ചു.
















