ഡൽഹിയിലെ ലക്ഷ്മി ഭായ് കോളേജിന് സമീപം ഒരു 20-കാരിക്ക് നേരെ ആസിഡ് ആക്രമണം നടന്നെന്ന കേസ് വഴിത്തിരിവിൽ. യുവതിയുടെ ആരോപണങ്ങൾ വ്യാജമാണെന്ന് തെളിഞ്ഞതിനെ തുടർന്ന്, കേസ് കെട്ടിച്ചമച്ചതിന് യുവതിയുടെ പിതാവ് അഖീൽ ഖാനെ പോലീസ് അറസ്റ്റ് ചെയ്തു. തനിക്കെതിരെയുള്ള ബലാത്സംഗം, ബ്ലാക്ക്‌മെയിലിങ് കേസിൽ നിന്ന് രക്ഷപ്പെടാനും, വ്യക്തിപരമായ തർക്കങ്ങളുള്ള മൂന്ന് പേരെ കുടുക്കാനുമാണ് ഇയാൾ മകളെ ഉപയോഗിച്ച് നാടകം ആസൂത്രണം ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി.
ആക്രമിക്കപ്പെട്ടെന്ന് പറയുന്ന യുവതി, പരാതിയിൽ പറഞ്ഞിരുന്ന മൂന്ന് പേരും സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് സ്പെഷ്യൽ സി.പി. (ക്രമസമാധാനം) രവീന്ദ്ര സിംഗ് യാദവ് ചൊവ്വാഴ്ച അറിയിച്ചു. പരാതിയിലെ വൈരുദ്ധ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ, യുവതി വീട്ടിൽ നിന്ന് കൊണ്ടുവന്ന ടോയ്‌ലെറ്റ് ക്ലീനർ ഉപയോഗിച്ച് സ്വയം മുറിവേൽപ്പിച്ച് ആക്രമണം നടന്നതായി വരുത്തിത്തീർക്കുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.
ആസിഡ് ആക്രമണക്കേസിൽ യുവതി ആരോപിച്ചവരിൽ ഒരാളുടെ ഭാര്യ രണ്ട് ദിവസം മുമ്പ് യുവതിയുടെ പിതാവായ അഖീൽ ഖാനെതിരെ ബലാത്സംഗത്തിനും ബ്ലാക്ക്‌മെയിലിങ്ങിനും കേസ് നൽകിയിരുന്നു. 2021 മുതൽ 2024 വരെ തന്റെ ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന കാലത്ത് ഇയാൾ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും സ്വകാര്യ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. ഈ കേസിൽ അറസ്റ്റ് ഒഴിവാക്കാനാണ് ഇയാൾ മകളെ ഉപയോഗിച്ച് വ്യാജ ആക്രമണം ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു.
സി.സി.ടി.വി. ദൃശ്യങ്ങളും മൊബൈൽ സി.ഡി.ആർ. പരിശോധനകളും യുവതിയുടെ കഥയ്ക്ക് വിരുദ്ധമായിരുന്നു. സംഭവം നടന്ന സമയത്ത് ആരോപണവിധേയരായ ഒരാൾ ഡൽഹിയിലുണ്ടായിരുന്നില്ലെന്നും മറ്റു രണ്ടുപേർ അമ്മയോടൊപ്പം ആഗ്രയിലായിരുന്നു എന്നും തെളിഞ്ഞു. ഭൂമി തർക്കങ്ങളുമായി ബന്ധപ്പെട്ട് ഈ കുടുംബങ്ങൾ തമ്മിൽ നേരത്തെ പ്രശ്നങ്ങളുണ്ടായിരുന്നതായും, ബലാത്സംഗക്കേസിലെ പരാതിക്കാരി 2018-ൽ ഒരു ആസിഡ് ആക്രമണത്തിന് ഇരയായിരുന്നുവെന്നും പോലീസ് വെളിപ്പെടുത്തി. നിലവിൽ, ലൈംഗിക പീഡനം, ബ്ലാക്ക്‌മെയിലിങ് എന്നീ കുറ്റങ്ങൾ ചുമത്തി അഖീൽ ഖാനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
















