കൊൽക്കത്തയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലെ നിശാക്ലബ്ബിൽ വെച്ച് ഒരു സംഘം ആളുകൾ തന്നെ മാനഭംഗപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തുവെന്ന് യുവതി പോലീസിൽ പരാതി നൽകി. ഒക്ടോബർ 26 ന് രാത്രിയാണ് സംഭവം നടന്നത് . പരാതിക്കാരി തന്റെ ഭർത്താവ്, സഹോദരൻ, സുഹൃത്തുക്കൾ എന്നിവരോടൊപ്പമായിരുന്നു ക്ലബ്ബിൽ ഉണ്ടായിരുന്നത്. തന്റെ കൂട്ടരും അവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും അത് പിന്നീട് അക്രമത്തിൽ കലാശിക്കുകയും ചെയ്തിരുന്നു എന്നും, അക്രമി സംഘം തന്നെ കുപ്പികൾ കൊണ്ട് ആക്രമിക്കുകയും മോശമായി സ്പർശിക്കാൻ ശ്രമിക്കുകയും ചെയ്‌തെന്നും ആണ് യുവതി പൊലീസിന് മൊഴി നൽകിയത്. ആക്രമണം നടക്കുമ്പോൾ കുടുംബാംഗങ്ങൾക്ക് ക്ലബ്ബിലെ മദ്യപ്പുരയിൽ ഒളിക്കേണ്ടി വന്നുവെന്നും പരാതിയിലുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ബിധാൻ നഗർ സൗത്ത് പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. നാസർ ഖാൻ, അദ്ദേഹത്തിൻ്റെ മരുമകൻ ജുനൈദ് ഖാൻ എന്നിവർ ഉൾപ്പെടെയുള്ള പ്രതികളുടെ പേര് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. നാസർ ഖാൻ 2012 ഫെബ്രുവരി 5-ന് കൊൽക്കത്തയിലെ പാർക്ക് സ്ട്രീറ്റിൽ വെച്ച് സുസെറ്റ് ജോർദാൻ എന്ന 37-കാരി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതിലെ പ്രതിയായിരുന്നുവെന്നും 2020-ൽ ജയിൽ മോചിതനായെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഇദ്ദേഹം അതേ വ്യക്തിയാണോ എന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ പരിശോധിച്ച് വരികയാണെന്നും പോലീസ് അറിയിച്ചു.
















