വയനാട് ജില്ലയിലെ കൽപ്പറ്റയ്ക്ക് സമീപം കമ്പളക്കാട് നിർമ്മാണത്തിലിരിക്കുന്ന മൂന്നുനില കെട്ടിടത്തിന്റെ ടെറസിൽ കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. തിരുവനന്തപുരം കരമന സ്വദേശിയായ അൽ അമീൻ എന്ന സുനിൽകുമാർ (50) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ജോലിക്കാർ കെട്ടിടത്തിന്റെ ടെറസിൽ കാലുകളിൽ കമ്പി ചുറ്റിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ആദ്യഘട്ടത്തിൽ മരിച്ചയാൾ ഇതരസംസ്ഥാന തൊഴിലാളിയാകാം എന്ന് സംശയിച്ചിരുന്നെങ്കിലും പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സുനിൽകുമാറിന്റേതാണ് മൃതദേഹം എന്ന് സ്ഥിരീകരിച്ചത്.
മൃതദേഹം തുടർ നടപടികൾക്കായി പോലീസ് മാനന്തവാടി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം പരിശോധന പൂർത്തിയാക്കിയ ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂ. പോക്സോ കേസിൽ നേരത്തെ പ്രതിയായിട്ടുള്ളയാളാണ് സുനിൽകുമാർ എന്ന് കമ്പളക്കാട് പോലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാർ അറിയിച്ചു. 2024-ൽ വെള്ളമുണ്ട പോലീസ് പരിധിയിൽ വെച്ചാണ് ഇയാൾ പോക്സോ കേസിൽ അറസ്റ്റിലായത്. വിവാഹബന്ധം വേർപെടുത്തിയ ഇയാൾക്ക് സ്ഥിരമായ ജോലിയുണ്ടായിരുന്നില്ലെന്നും മാസങ്ങളായി ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് മാറി താമസിച്ചുവരികയായിരുന്നെന്നും പോലീസ് പറഞ്ഞു.
നിരവധി ലൈംഗികാതിക്രമ കേസുകളിൽ ഉൾപ്പെട്ട വ്യക്തിയാണ് മരിച്ച സുനിൽകുമാർ എന്നതിനാൽ പോലീസ് എല്ലാ സാധ്യതകളും പരിഗണിച്ചാണ് ഇപ്പോൾ അന്വേഷണം നടത്തുന്നത്. നിലവിൽ മരണകാരണം വ്യക്തമല്ല. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി കമ്പളക്കാട് പോലീസ് അറിയിച്ചു.
















