കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളവും അലവൻസുകളും പരിഷ്കരിക്കുന്നതിനുള്ള എട്ടാം ശമ്പള കമ്മീഷന്റെ പരിഗണനാ വിഷയങ്ങൾക്ക് കേന്ദ്ര മന്ത്രിസഭ ചൊവ്വാഴ്ച അംഗീകാരം നൽകി. ഏകദേശം 50 ലക്ഷത്തോളം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 69 ലക്ഷത്തോളം പെൻഷൻകാർക്കും ഈ തീരുമാനം പ്രയോജനകരമാകും. മുൻ സുപ്രീം കോടതി ജഡ്ജി രഞ്ജന പ്രകാശ് ദേശായി ആയിരിക്കും കമ്മീഷന്റെ അധ്യക്ഷ. പ്രൊഫസർ പുലക് ഘോഷ് അംഗമായും പങ്കജ് ജെയിൻ മെമ്പർ സെക്രട്ടറിയായും കമ്മീഷനിൽ പ്രവർത്തിക്കും.
വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് മന്ത്രിസഭാ യോഗ തീരുമാനങ്ങൾ അറിയിച്ചത്. വിവിധ മന്ത്രാലയങ്ങൾ, സംസ്ഥാന സർക്കാരുകൾ, ജോയിന്റ് കൺസൾട്ടേറ്റീവ് മെഷിനറിയുടെ സ്റ്റാഫ് സൈഡ് എന്നിവരുമായി കൂടിയാലോചിച്ച ശേഷമാണ് പരിഗണനാ വിഷയങ്ങൾ അന്തിമമാക്കിയത്. എട്ടാം ശമ്പള കമ്മീഷൻ 18 മാസത്തിനുള്ളിൽ ശുപാർശകൾ സമർപ്പിക്കുമെന്നും അത് 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളവും ഏകദേശം 69 ലക്ഷം പെൻഷൻകാരുടെ അലവൻസുകളും പരിഷ്കരിക്കുന്നതിനായി എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കുന്നതിന് ജനുവരിയിൽ മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു.
പുതിയ ശമ്പള സ്കെയിലുകൾ എപ്പോഴാണ് നടപ്പാക്കുക എന്ന ചോദ്യത്തിന്, “എട്ടാം ശമ്പള കമ്മീഷന്റെ ശുപാർശകൾ സമർപ്പിക്കുകയും അത് സർക്കാർ അംഗീകരിക്കുകയും ചെയ്യുന്നതോടെ നടപ്പാക്കൽ നടപടികൾ തുടങ്ങും,” എന്ന് നേരത്തെ ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പാർലമെന്റിൽ അറിയിച്ചിരുന്നു. സാധാരണയായി, ഓരോ 10 വർഷം കൂടുമ്പോഴുമാണ് കേന്ദ്ര സർക്കാർ ജീവനക്കാരുടെ വേതനം പരിഷ്കരിക്കുന്നതിനായി ശമ്പള കമ്മീഷനെ നിയമിക്കാറുള്ളത്. അവസാനമായി, ഏഴാം ശമ്പള കമ്മീഷൻ 2014 ഫെബ്രുവരിയിലാണ് രൂപീകരിച്ചതും അതിന്റെ ശുപാർശകൾ 2016 ജനുവരി 1 മുതൽ നടപ്പിലാക്കിയതും. പണപ്പെരുപ്പം കാരണം ശമ്പളത്തിന്റെ യഥാർത്ഥ മൂല്യത്തിലുണ്ടാകുന്ന കുറവിന് പരിഹാരമായി, കേന്ദ്ര ജീവനക്കാർക്ക് ഓരോ ആറുമാസം കൂടുമ്പോൾ വിലക്കയറ്റ നിരക്കിന്റെ അടിസ്ഥാനത്തിൽ ക്ഷാമബത്ത പരിഷ്കരിച്ച് നൽകാറുണ്ട്. 2026 ജനുവരി 1 മുതൽ എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കാനാണ് നിലവിൽ ലക്ഷ്യമിടുന്നത്.
















