ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ (IGI) ടെർമിനൽ 3-ന് സമീപം നിർത്തിയിട്ടിരുന്ന ഒരു ബസിന് തീപിടിച്ചു. ഗ്രൗണ്ട് ഹാൻഡ്ലിംഗ് കമ്പനിയായ AISATS-ൻ്റേതാണ് ബസ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ടെർമിനൽ 3-ൻ്റെ എയർസൈഡിൽ പാർക്ക് ചെയ്തിരുന്ന സിഎൻജി ഉപയോഗിച്ച് ഓടുന്ന യാത്രക്കാരെ കയറ്റുന്ന ബസിനാണ് പെട്ടെന്ന് തീപിടിച്ചത്. തീപിടിത്ത സമയത്ത് ബസിൽ യാത്രക്കാർ ആരും ഉണ്ടായിരുന്നില്ലെന്ന് അധികൃതർ അറിയിച്ചു.
അപകടം റിപ്പോർട്ട് ചെയ്ത ഉടൻ തന്നെ വിമാനത്താവളത്തിലെ എമർജൻസി റെസ്‌പോൺസ് ടീം സ്ഥലത്തെത്തി മിനിറ്റുകൾക്കകം തീ നിയന്ത്രണ വിധേയമാക്കി. സമീപത്തുണ്ടായിരുന്ന വിമാനത്തിനോ വിമാനത്താവള പ്രവർത്തനങ്ങൾക്കോ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് ഡൽഹി എയർപോർട്ട് അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.
തീ പിടിച്ച വിവരം പോലീസ് സ്റ്റേഷനിൽ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് റിപ്പോർട്ട് ചെയ്തതെന്ന് ഡിസിപി ഐജിഐ വിചിത്ര വീർ പറഞ്ഞു. അഗ്നിശമന സേനാംഗങ്ങൾ, ലോക്കൽ പോലീസ്, സിഐഎസ്എഫ് ഉദ്യോഗസ്ഥർ എന്നിവർ മറ്റ് ഏജൻസികളോടൊപ്പം ഉടൻ സ്ഥലത്തെത്തി തീയണച്ചു. തീപിടിച്ച സമയത്ത് ഡ്രൈവർ മാത്രമാണ് ബസിനുള്ളിൽ ഉണ്ടായിരുന്നതെന്നും, ആർക്കും പരിക്കുകളില്ലെന്നും അദ്ദേഹം സ്ഥിരീകരിച്ചു. തീപിടിത്തത്തിൻ്റെ യഥാർത്ഥ കാരണം കണ്ടെത്താൻ വാഹനത്തിൽ വിശദമായ പരിശോധന നടത്തുമെന്നും അധികൃതർ അറിയിച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ദൃശ്യങ്ങളിൽ എയർ ഇന്ത്യയുടെ വിമാനത്തിന് തൊട്ടടുത്ത് ബസ് കത്തുന്നത് കാണാമായിരുന്നു.
















