ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടി20 മത്സരത്തിന് മുന്നോടിയായി ടീം സെലക്ഷൻ ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും, എല്ലാവരുടെയും ലക്ഷ്യം ഇന്ത്യയെ വിജയിപ്പിക്കുക എന്നതാണെന്ന് ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ഫാസ്റ്റ് ബൗളർമാർ, സ്പിന്നർമാർ തുടങ്ങി നിരവധി മികച്ച താരങ്ങൾ ഒരിടത്തിന് വേണ്ടി മത്സരരംഗത്ത് ഉള്ളത് “നല്ലൊരു തലവേദനയാണ്”. ടീമിന്റെ ആവശ്യം അനുസരിച്ച് കളിക്കാരെ മാറ്റേണ്ടി വരുമ്പോൾ അത് മനസ്സിലാക്കാനുള്ള പക്വത ടീമിലെ എല്ലാവർക്കുമുണ്ടെന്നും സൂര്യകുമാർ വ്യക്തമാക്കി.
വിശ്രമത്തിന് ശേഷം ടീമിലേക്ക് മടങ്ങിയെത്തിയ ജസ്പ്രീത് ബുംറ ഓസ്‌ട്രേലിയയ്‌ക്കെതിരെ ടീമിന് വലിയ മുതൽക്കൂട്ടാകുമെന്നും സൂര്യകുമാർ പറഞ്ഞു. ഏഷ്യാ കപ്പിൽ പവർപ്ലേയിൽ തന്നെ രണ്ട് ഓവർ എറിയാനുള്ള ഉത്തരവാദിത്തം ബുംറ ഏറ്റെടുത്തത് പോലെ, ഈ പരമ്പരയിലും ടീമിന്റെ പ്രധാന ചുമതലക്കാരനായി അദ്ദേഹം ഉണ്ടാകുമെന്ന് ക്യാപ്റ്റൻ പ്രതീക്ഷ പ്രകടിപ്പിച്ചു. ഓസ്‌ട്രേലിയയിൽ ഏറ്റവും കൂടുതൽ കളിച്ചിട്ടുള്ള താരങ്ങളിൽ ഒരാളാണ് ബുംറയെന്നും, അദ്ദേഹത്തിന്റെ അനുഭവപരിചയം ടീമിന് സഹായകമാകുമെന്നും സൂര്യകുമാർ കൂട്ടിച്ചേർത്തു.
ഏഷ്യാ കപ്പിലെ (7 ഇന്നിങ്‌സിൽ 72 റൺസ്) തന്റെ മോശം ഫോമിനെക്കുറിച്ചുള്ള ചോദ്യങ്ങളോട്, ടീം വിജയിക്കുന്നിടത്തോളം കാലം സ്വന്തം പ്രകടനത്തെക്കുറിച്ച് താൻ ആശങ്കപ്പെടുന്നില്ലെന്ന് സൂര്യകുമാർ യാദവ് മറുപടി നൽകി. താൻ കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും, റൺസ് പിന്നീട് വന്നോളുമെന്നും അദ്ദേഹം പറഞ്ഞു. ടീം ആവശ്യപ്പെടുന്ന പ്രകടനമാണ് ഓരോ സാഹചര്യത്തിലും താൻ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യൻ ടീം അടുത്ത കാലത്തായി നേരിടുന്ന പ്രധാന വെല്ലുവിളിയായ ഫീൽഡിങ്ങിലെ പിഴവുകളെക്കുറിച്ചും ക്യാപ്റ്റൻ പ്രതികരിച്ചു. ക്യാച്ചുകൾ നഷ്ടപ്പെടുന്നത് കളിയുടെ ഭാഗമാണ്, എങ്കിലും അതിന് ശേഷം ടീം എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. ഫീൽഡിങ്ങിൽ കഠിനാധ്വാനം ചെയ്യണമെന്ന് താൻ താരങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മികച്ച ഫീൽഡിങ്ങിലൂടെ ടീമുകൾ മത്സരങ്ങൾ വിജയിക്കുന്നത് നമ്മൾ കണ്ടതാണ്. ലോകത്തിലെ ഏറ്റവും മികച്ച ഫീൽഡിങ് യൂണിറ്റായി മാറാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും സൂര്യകുമാർ യാദവ് പറഞ്ഞു.
















