എസ്ഐആര്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് നടന്ന കലക്ടര്‍മാരുടെ യോഗത്തില്‍ ജില്ലാതലങ്ങളിൽ രണ്ടു ദിവസത്തിനുള്ളിൽ രാഷ്ട്രീയ പാർട്ടി മീറ്റിംഗ് നടത്താൻ തീരുമാനമായി. ഞായറാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്തെ എല്ലാ BLO -BLA മാരുടെയും യോഗം ചേരാനും കലക്ടർമാരുടെ യോഗത്തിൽ തീരുമാനിച്ചു.
ഇതിനൊപ്പം മൂന്നുദിവസത്തിനുള്ളിൽ BLO മാർക്ക് എസ്ഐആര്‍ നടപ്പിലാക്കുന്നതിനുള്ള പരിശീലനവും പൂർത്തിയാക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നതിനും തീരുമാനമായിട്ടുണ്ട്. എസ്ഐആറുമായി ബന്ധപ്പെട്ട ഹെൽപ്പ് ഡെസ്ക്കുകളും ഉറപ്പാക്കുന്നതായിരിക്കും. എസ്ഐആര്‍ കേരളത്തിൽ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇലക്ഷൻ കമ്മീഷൻ്റെ നേതൃത്വത്തിലാണ് ഇന്ന് കളക്ടർമാരുടെ യോഗം ചേർന്നത്.
അതേസമയം, കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ എസ്‌ഐആർ നടപ്പാക്കാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീരുമാനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. എസ്‌ഐആർ നടപ്പാക്കുമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ പ്രഖ്യാപനം ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. ബിഹാർ എസ്‌ഐആറിൻ്റെ ഭരണഘടനാ സാധുത സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെത്തന്നെ ഇതേ പ്രക്രിയ മറ്റു സംസ്ഥാനങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുന്നതിനെ നിഷ്‌കളങ്കമായി കാണാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights : kerala-collectors-meet-to-implement-sir-and-train-blos-within-3-day
















