ഫീസ് വർദ്ധനവുമായി ബന്ധപ്പെട്ട് കാർഷിക സർവകലാശാല വി സിയുടെ വീട്ടിലേക്ക് എസ്എഫ്ഐ പ്രതിഷേധം. വൈസ് ചാൻസലർ ഡോ. ബി അശോകിന്റെ ഉള്ളൂരിലുള്ള വീട്ടിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിലാണ് പൊലീസിന്റെ ബാരിക്കേട് ചാടിക്കടന്ന് പ്രവർത്തകർ പ്രതിഷേധം നടത്തിയത്. പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായതിനെത്തുടർന്ന് പ്രതിഷേധിച്ച ഇരുപതോളം പ്രവർത്തകരെ അറസ്റ്റ് ചെയ്തുനീക്കി.
പ്രവർത്തകരുടെ പ്രതിഷേധം മറിക്കടന്ന് വി സി വീടിനുള്ളിൽ പ്രവേശിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചത്. വി സി വീടിനകത്ത് കടന്നിട്ടും പിരിഞ്ഞുപോകാൻ പ്രവർത്തകർ തയ്യാറായിരുന്നില്ല. മതിൽചാടിക്കടക്കാൻ പ്രവർത്തകർ ശ്രമിച്ചതിനെത്തുടർന്നാണ് അറസ്റ്റിലേക്ക് പൊലീസ് കടന്നത്. എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം ഏകദേശം അൻപതോളം പ്രവർത്തകരാണ് വി സിയുടെ വീടിന് മുൻപിൽ പ്രതിഷേധവുമായി എത്തിയത്.
STORY HIGHLIGHT : SFI protest at Agricultural University VC’s house
















