പിഎം.ശ്രീ പദ്ധതിയിലെ അഭിപ്രായ ഭിന്നതയില്‍ മന്ത്രിസഭ ഇന്നു ചേരും. മന്ത്രിസഭാ യോഗത്തില്‍ നിന്ന് സിപിഐ മന്ത്രിമാര്‍ വിട്ടുനിന്നേക്കും. രാവിലെ ചേരുന്ന പാർട്ടി സെക്രട്ടേറിയറ്റ് അന്തിമ തീരുമാനമെടുക്കും.
പിഎം.ശ്രീ കരാറിൽ നിന്ന് പിന്മാറാത്തതിൽ പ്രതിഷേധിച്ച് സിപിഐ മന്ത്രിമാർ ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ നിന്നും വിട്ടുനിൽക്കുമെന്നുള്ള തീരുമാനങ്ങൾക്കിടെ തലസ്ഥാനത്ത് അവസാനഘട്ട അനുനയ ശ്രമങ്ങൾ തുടരുന്നു. രാവിലെ 9 മണിക്ക് സിപിഐയുടെ അവൈലബിൾ സെക്രട്ടറിയേറ്റും പത്തു മണിക്ക് സിപിഎമ്മിന്റെ അവൈലബിൾ സെക്രട്ടറിയേറ്റും ചേരും.
സിപിഐ മന്ത്രിമാർ അവരുടെ അവൈലബിൾ സെക്രട്ടറിയേറ്റിൽ പങ്കെടുക്കും. തലസ്ഥാനത്ത് ഇല്ലാത്ത പാർട്ടിയുടെ നേതാക്കൾ ഓൺലൈനായി സെക്രട്ടറി യോഗത്തിൽ പങ്കെടുക്കാൻ ബിനോയ് വിശ്വം നിർദ്ദേശിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും എൽഡിഎഫ് കൺവീനറും ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട എല്ലാ സിപിഎം നേതാക്കളും തലസ്ഥാനത്തുണ്ട്.
കരാറിൽ നിന്ന് പിന്മാറണമെന്നും അല്ലെങ്കിൽ തുടർ നടപടികൾ മരവിപ്പിച്ചു കേന്ദ്രത്തിന് കത്ത് നല്‍കണമെന്നും സിപിഐ വീണ്ടും ആവശ്യപ്പെടും എന്നാണ് വിവരം.
പദ്ധതിയിൽ നിന്ന് പിന്മാറാൻ ആവില്ലെന്ന് പ്രഖ്യാപിച്ചിട്ടുള്ള സിപിഎമ്മും ഇനിയെന്ത് നിർദ്ദേശം മുന്നോട്ടുവയ്ക്കണമെന്ന് അവൈലബിൾ സെക്രട്ടറിയേറ്റ് ചേർന്ന് ആലോചിക്കും.
പ്രശ്നം പരിഹരിക്കാമെന്ന് കഴിഞ്ഞ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉറപ്പു നൽകിയ മുഖ്യമന്ത്രിക്ക് സിപിഐയുടെ കടുംപിടുത്തം കൂടുതൽ തലവേദനയാവുകയാണ്.
പി.എം.ശ്രീ കരാർ സംബന്ധിച്ച സിപിഐ നിലപാടോടെ രണ്ടാം പിണറായി സര്‍ക്കാരും ഇടത് മുന്നണിയും അസാധാരണ പ്രതിസന്ധി നേരിടുകയാണ്. 2017 ല്‍ തോമസ് ചാണ്ടി വിഷയത്തില്‍ മന്ത്രിസഭായോഗത്തില്‍ നിന്ന് വിട്ടു നിന്ന ശേഷം സിപിഐ, മുന്നണിയില്‍ ഇങ്ങനെ കലഹിക്കുന്നത് ആദ്യമായാണ്.
















