സംസ്ഥാനത്തെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച കർഷകരുടെയും മില്ലുടമകളുടെയും യോഗം ഇന്ന് ചേരും . മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ രാവിലെ 10 മണിക്ക് തിരുവനന്തപുരത്താണ് യോഗം. ഭക്ഷ്യ- കൃഷി വകുപ്പുകളിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.
പുതിയ സീസണിലേക്ക് നെല്ല് സംഭരിക്കുന്നതിനു മുന്നോടിയായി മില്ല് ഉടമകളുടെ ആവശ്യങ്ങളിൽ തീരുമാനമെടുക്കുന്നതിനായാണ് യോഗം. കഴിഞ്ഞ സീസണുകളിൽ നെല്ല് സംഭരിച്ചതിന്റെ തുകയടക്കം മില്ല് ഉടമകൾക്ക് നൽകാനുണ്ട്.
ഇന്നലെ കൊച്ചിയിൽ നിശ്ചയിച്ച യോഗത്തിൽ മില്ല് ഉടമകൾ എത്താത്തതിനെ തുടർന്ന് മുഖ്യമന്ത്രി ഇറങ്ങിപ്പോയിരുന്നു. നേരത്തെ മന്ത്രി തലത്തിൽ ചർച്ച നടത്തിയെങ്കിലും തീരുമാനമാകാതെ വന്നതോടെയാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ.















