മധ്യപ്രദേശിലെ കട്‌നി ജില്ലയിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ബിജെപി നേതാവിനെ രണ്ടുപേർ ചേർന്ന് വെടിവച്ചു കൊലപ്പെടുത്തി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്. പ്രിൻസ് (30), അക്രം ഖാൻ (33) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
സംഭവത്തിന് പിന്നാലെ അക്രമികളിൽ ഒരാളുടെ പിതാവ് ആത്മഹത്യ ചെയ്തു. കുറ്റകൃത്യത്തിൽ മകന്റെ പങ്കിനെക്കുറിച്ച് അറിഞ്ഞതിന് പിന്നാലെയാണ് അക്രമിയുടെ പിതാവ് ആത്മഹത്യ ചെയ്തത്.
കട്നിയിലെ ബിജെപി പിച്ചഡ മോർച്ച മണ്ഡൽ പ്രസിഡന്റ് നീലു രജക് (38) ആണ് ചൊവാഴ്ച രാവിലെ 11 മണിയോടെ ബൈക്കിൽ സഞ്ചരിക്കവെ വെടിയേറ്റ് മരിച്ചത്. ബൈക്കിലെത്തിയ രണ്ടു പേർ തലയ്ക്കും നെഞ്ചിനും വെടിവയ്ക്കുകയായിരുന്നു.
















