തിരുവനന്തപുരത്തു കൊഴുപ്പുമാറ്റൽ ശസ്ത്രക്രിയയെ തുടർന്ന് യുവതിയുടെ 9 വിരലുകൾ മുറിച്ചു മാറ്റേണ്ടി വന്ന സംഭവത്തിൽ വ്യക്തത തേടി കഴക്കൂട്ടം പോലീസ്. സംസ്ഥാന മെഡിക്കൽ ബോർഡ് സമർപ്പിച്ച റിപ്പോർട്ടിനാണ് പോലീസ് വ്യക്തത തേടിയത്. ആശുപത്രിയുടെ ഭാഗത്തു നിന്ന് ചികിൽസയിൽ യാതൊരുവിധ പിഴവുകളും സംഭവിച്ചിട്ടില്ലെന്നും യുവതിക്ക് കൃത്യമായ ചികിത്സ കൊടുത്തതിന്റെ രേഖകൾ ഉണ്ടെന്നും ആണ് സംസ്ഥാന മെഡിക്കൽ ബോർഡ് പൊലീസിന് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. യുവതിയുടെ ഭർത്താവിന്റെ പരാതിയിൽ ആണ് ഡോക്ടർക്ക് എതിരെ കേസ് എടുത്തത്. ആശുപത്രി ക്രിമിനല്‍ കുറ്റം ചെയ്തിട്ടില്ലെങ്കിലും നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതിക്ക് ബന്ധപ്പെട്ട കോടതിയില്‍ സിവില്‍ കേസ് നല്‍കാമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം തുടര്നടപടിക്ക് ആവിശ്യമായ വിവരങ്ങൾ റിപ്പോർട്ടിൽ ഇല്ലെന്നാണ് പോലീസ് ചൂണ്ടിക്കാട്ടുന്നത്. ഇതേതുടർന്ന് മെഡിക്കൽ ബോര്‍ഡിലെ അംഗങ്ങളുടെ സമയം ചോദിച്ച നേരിട്ട് കാര്യങ്ങൾ ചോദിച്ചറിയാൻ തീരുമാനിച്ചിരിക്കുകയാണെന്ന് കഴക്കൂട്ടം എസ്.പി. യുവതിയെ ശസ്ത്രക്രിയക്കു ശേഷം വിദഗ്ധ ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്കു മാറ്റുന്നതില്‍ താമസമുണ്ടായി എന്നാണ് ജില്ലാതല മെഡിക്കല്‍ ബോര്‍ഡ് കണ്ടത്തിയിരിക്കുന്നത്. എന്നാല്‍ സംസ്ഥാന മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടില്‍ ഇതേക്കുറിച്ചും യാതൊന്നും തന്നെ പരാമർശിച്ചിട്ടില്ല. വിഷയത്തില്‍ യുവതിയുടെ കുടുംബം കോടതിയെ സമീപിച്ചിട്ടുണ്ട്.
ഫെബ്രുവരി 22 നാണ് കഴക്കൂട്ടം കുളത്തൂര്‍ തമ്പുരാന്‍മുക്കിലെ കോസ്മറ്റിക് ആശുപത്രിയില്‍ സോഫറ്റ്‌വെയര്‍ എന്‍ജിനീയറായ യുവതി കൊഴുപ്പു നീക്കാനുള്ള ശസ്ത്രക്രിയ നടത്തിയത്. പിറ്റേന്നു ക്ഷീണമുണ്ടെന്ന് അറിയിച്ചെങ്കിലും ഡോക്ടര്‍മാര്‍ കാര്യമായെടുത്തില്ല. 24 ന് സ്ഥിതി വഷളായതിനെ തുടര്‍ന്നു ക്ലിനിക്കിലെത്തിക്കുകയായിരുന്നു. രക്തസമ്മര്‍ദം കുറഞ്ഞെന്നറിയിച്ച് ക്ലിനിക്കിലെ ഡോക്ടര്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. തുടര്‍ന്നു ഹൃദയാഘാതം ഉണ്ടായെന്നും തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയെന്നും ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ആന്തരികാവയവങ്ങളിലെ അണുബാധയെ തുടര്‍ന്ന് 21 ദിവസം യുവതി വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു.
പിന്നീട് അവരുടെ ഇടതുകാലിലെ അഞ്ചും ഇടതു കൈയിലെ നാലും വിരലുകള്‍ മുറിച്ചു മാറ്റേണ്ടിവന്നു. ഇപ്പോഴും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് യുവതി നേരിടുന്നതെന്ന് കുടുംബം പറയുന്നു.
















