ഇന്ത്യന്‍ താരങ്ങളില്‍ പ്രമുഖനായ ബാറ്ററും കീപ്പറുമായ മലയാളി താരം സഞ്ജു സാംസണ് നിര്‍ണായകമാണ് ഇന്ന് ആരംഭിക്കുന്ന ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര. മികച്ച പ്രകടനം പുറത്തെടുത്താല്‍ മാത്രമേ അടുത്ത ടി20 ലോകകപ്പില്‍ ടീമില്‍ സ്ഥാനം കണ്ടെത്താനാകൂ എന്ന സ്ഥിതിയിലാണ്. ജിതേഷ് ശര്‍മ അവസരം കാത്തിരിക്കുന്നതാണ് സഞ്ജു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. അനുയോജ്യമായ ടോപ് ഓര്‍ഡര്‍ പൊസിഷനില്‍ സ്ഥാനം നഷ്ടപ്പെട്ടതും സഞ്ജു നേരിടുന്ന പ്രതിസന്ധിയാണ്. വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് ഓപ്പണിങ് സ്ഥാനം വിട്ടുകൊടുക്കേണ്ടി വന്ന സഞ്ജു ഏഷ്യാ കപ്പില്‍ അഞ്ചാം നമ്പറിലാണ് കളിച്ചത്.
അത്ര പരിചിതമല്ലാത്ത പൊസിഷനില്‍ കളിക്കേണ്ടി വന്നിട്ടും താരം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അതുകൊണ്ട് തന്നെ ഓസ്ട്രേലിയക്കെതിരെ താരം പ്ലേയിങ് ഇലവനിലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. എന്നാല്‍ ഓപ്പണിങ് സ്ഥാനത്ത് നിരാശജനകമായ പ്രകടനമാണ് ഗില്‍ പുറത്തെടുത്തത്. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലും ഗില്‍ അമ്പേ പരാജമായിരുന്നു. ഈ സാഹചര്യത്തില്‍ സഞ്ജുവിനെ വീണ്ടും ഓപ്പണറാക്കുമോയെന്ന് കണ്ടറിയണം. അങ്ങനെ പ്രതീക്ഷിക്കുന്നവരുമുണ്ട്. എന്താണ് സഞ്ജുവിനെ ഓപ്പണര്‍ സ്ഥാനത്തേക്ക് പരിഗണിക്കാത്തിന്റെ സാങ്കേതികത എന്ന് മനസ്സിലാകുന്നില്ല.
ഗൗതം ഗംഭീറും അജിത് അഗാര്‍ക്കറും സഞ്ജുവിനെ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നില്ലേ എന്ന സംശയവും, അഥവാ ടീമിലെത്തിച്ചാല്‍ ബാറ്റിംഗ് ഓര്‍ഡറില്‍ തഴയുന്നില്ലേ എന്ന സംശയവും ബലപ്പെടുന്നുണ്ട്. മറ്റു കളിക്കാര്‍ക്കു വേണ്ടി സഞ്ജുവിനെ തഴയുന്നുവെന്ന പ്രതീതി നേരത്തെ തന്നെ അഗാര്‍ക്കറിന്റെ വാക്കുകളില്‍ നിന്നും വ്യക്തമായിരുന്നു. അങ്ങനെയെങ്കില്‍ സഞ്ജുവിനെ വീണ്ടും ടോപ് ഓര്ഡറിലെത്തിക്കാനുള്ള സാധ്യതകള്‍ കുറവാണ്. ഗില്‍ വൈസ് ക്യാപ്റ്റന്‍ കൂടിയായതിനാല്‍ പ്ലേയിങ് ഇലവനിലുണ്ടാകും. ഗില്ലിനെ ഓപ്പണിങ് സ്ഥാനത്തുനിന്ന് മാറ്റിയുള്ള പരീക്ഷണത്തിന് മാനേജ്മെന്റ് മുതിരില്ല. അതുകൊണ്ട് തന്നെ സഞ്ജുവിന് മധ്യനിരയില്‍ വീണ്ടും കളിക്കേണ്ടി വരും.
അതേസമയം, ഓസീസ് പര്യടനത്തില്‍ ഗില്‍ സമ്മര്‍ദ്ദം നേരിടേണ്ടി വരുമെന്നാണ് മുന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര ചൂണ്ടിക്കാട്ടുന്നത്. ടീമിലുള്ള സഞ്ജുവിനെയും, അവസരം കാത്തിരിക്കുന്ന യശ്വസി ജയ്സ്വാളിനെയും ചൂണ്ടിക്കാട്ടിയാണ് ചോപ്ര ഗില്ലിനെക്കുറിച്ച് പറഞ്ഞത്. ഇരുതാരങ്ങളും ഓപ്പണിങ് സ്ഥാനത്തേക്ക് അവസരം കാത്തിരിക്കുന്നതിനാല്‍ ഗില്‍ സമ്മര്‍ദ്ദം നേരിടേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. പലപ്പോഴും സഞ്ജുവിനോട് അനീതി കാണിക്കുന്നതായി തോന്നുന്നുവെന്നും ആകാശ് ചോപ്ര വ്യക്തമാക്കി. ഓസീസ് പരമ്പരയില്‍ പരിശീലകന് ഗൗതം ഗംഭീറിന്റെ ടി20 ലോകകപ്പ് പദ്ധതികള്‍ പരീക്ഷിക്കപ്പെടുമെന്നും ചോപ്ര അഭിപ്രായപ്പെട്ടു.
ഇപ്പോള്‍ ലഭിച്ചേക്കാവുന്ന അവസരം അല്പമൊന്ന് പാളിയാല്‍ സഞ്ജുവിന് അത് ഇന്ത്യന്‍ ടീമില്‍ നിന്നുതന്നെ പുറത്തേക്കുള്ള വഴിയൊരുക്കിയേക്കാം. അതുകൊണ്ട് തന്നെ ഓരോ മത്സരവും അതിനിര്‍ണായകമാണ്. ടീമിലെ സ്ഥാനം സുരക്ഷിതമാക്കണമെങ്കില്‍ സഞ്ജു ഓസീസ് പര്യടനത്തിലും, ഇനി ലഭിക്കുന്ന അവസരങ്ങളിലും മികച്ച പ്രകടനം പുറത്തെടുക്കേണ്ടി വരുമെന്ന് ബിസിസിഐ ഒഫീഷ്യല്‍സ് പറയുന്നു. ഐപിഎല്ലില്‍ ജിതേഷ് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. കീപ്പിങിലും സഞ്ജുവിനെക്കാള്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സഞ്ജു ലഭിക്കുന്ന അവസരങ്ങള്‍ മുതലെടുക്കണമെന്നും ഒഫീഷ്യല്‍ വ്യക്തമാക്കി.
അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഉച്ചയ്ക്ക് 1.45ന് കാന്‍ബറയില്‍ മത്സരം ആരംഭിക്കും. ഒക്ടോബര്‍ 31, നവംബര്‍ രണ്ട്, 6, എട്ട് തീയതികളിലാണ് പരമ്പരയിലെ മറ്റ് മത്സരങ്ങള്‍. സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ ഏഷ്യാ കപ്പ് അടക്കമുള്ള സമീപകാല ടി20 പരമ്പരകളെല്ലാം നേടാനായതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ടീം. എങ്കിലും കരുത്തരായ ഓസ്ട്രേലിയയെ അവരുടെ നാട്ടില്‍ നേരിടേണ്ടി വരുന്നത് അത്ര എളുപ്പമല്ല. സഞ്ജു സാംസണ് പ്രധാന വിക്കറ്റ് കീപ്പറായി പ്ലേയിങ് ഇലവനില്‍ എത്തുമെന്നാണ് ഇപ്പോഴും പ്രതീക്ഷ. പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെട്ടാല്‍ ഏഷ്യാ കപ്പിലെ പോലെ അഞ്ചാം നമ്പറില്‍ താരത്തിന് ബാറ്റ് ചെയ്യേണ്ടി വരും.
ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ സഞ്ജു തന്നെ പ്രധാന വിക്കറ്റ് കീപ്പറെന്ന് സൂചനയുണ്ടെങ്കിലും ഉറപ്പില്ല. ടി20 പരമ്പരയ്ക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്ന ഇന്ത്യന്‍ ടീമില്‍ സഞ്ജു വിക്കറ്റ് കീപ്പിങ് ഗ്ലൗ അണിഞ്ഞ് പരിശീലനം നടത്തുകയാണ്. സഞ്ജുവിന്റെ പരിശീലന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.
CONTENT HIGH LIGHTS; SANJU SAMSON, INDIA-AUSTRALIA T20 SERIES
















